തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും.തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമർദമായി ശക്തിപ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലദേശിനും ഗംഗാതട ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതും ശക്തി പ്രാപിക്കാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതു കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടുമാണ്. നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.