കോഴിക്കോട്: അന്തരം സിനിമയിലെ നായിക ട്രാൻസ് വുമൺ എസ്. നേഹ പാഠപുസ്തകത്തിൽ. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സ്ത്രീ/ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹയെ കുറിച്ച് എട്ടാം ക്ലാസിലെ ആർട്ട് എജുക്കേഷൻ പാഠപുസ്തകത്തിൽ സിനിമ തിയറ്റർ എന്ന ഭാഗത്താണ് വിവരണമുള്ളത്.
ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരത്തിലെ അഭിനയത്തിനാണ് 2022 ൽ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.കുടുംബിനിയാകേണ്ടി വരുന്ന അഞ്ജലിയെന്ന ട്രാൻസ് വുമൺ നേരിടേണ്ടി വന്ന പ്രതിസന്ധികളുടെയും മാനസിക സംഘർഷങ്ങളുടെയും ആവിഷ്കാരമായിരുന്നു 'അന്തരം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് നേഹ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു.
ബംഗളൂരു ക്വിയർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിലും അന്തരം പ്രദർശിപ്പിച്ചിരുന്നു. ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയിൻമെന്റ്സിന്റെ ബാനറിൽ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ വി. ജിയോ, രേണുക അയ്യപ്പൻ, എ ശോഭില എന്നിവർ ചേർന്നാണ് അന്തരം നിർമ്മിച്ചത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ നേഹ തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് ജനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.