തൊടുപുഴ: “തലയുടെ പുറകിലേറ്റ ആദ്യ അടി. ഇരുചെവിയും അടച്ച് അടുത്ത അടി. ആ അടിയിൽ ചെവിയിൽ മൂളൽ കേട്ടു. അൻപത് വർഷത്തിനിപ്പുറവും സോമനാഥന് അത് മറക്കാൻ കഴിയുന്നില്ല. മർദനത്തിന്റെ ബാക്കിപത്രമായി കേൾവി കുറഞ്ഞു”.
അടിയന്തരാവസ്ഥക്കാലത്തെ മനുഷ്യാവകാശലംഘനങ്ങൾക്ക് എതിരേ പ്രതികരിച്ചതിന് പോലീസുകാർ നൽകിയതായിരുന്നു ആ ശിക്ഷ. ജനാധിപത്യത്തെ കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥയ്ക്ക് അൻപത് വർഷങ്ങൾ തികയുമ്പോൾ ആ ഓർമ്മകൾ പങ്കുവെക്കുകയാണ് തൊടുപുഴ കണ്ടത്തിപ്പറമ്പിൽ കെ.എസ്. സോമനാഥൻ.1973-ൽ തൊടുപുഴയിൽനിന്നും കോട്ടയത്ത് ഒരു ഹോട്ടലിൽ പണിക്കെത്തിയ സോമനാഥൻ പിന്നീട് ആർഎസ്എസിന്റെ കോട്ടയം താലൂക്ക് കാര്യവാഹകായി. 1975-ലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. “അതേവർഷം ജൂലായ് നാലിന് ആർഎസ്എസിനെ നിരോധിച്ചു.

അന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് കാര്യാലയത്തിലേക്ക് പോയി. കാര്യാലയം റെയ്ഡ് ചെയ്ത പോലീസ് മുഴുവൻ സാധനങ്ങളും കൊണ്ടുപോയി. അന്ന് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ലോക്‌സംഘർഷ് സമിതി രൂപവത്കരിച്ച് അതിന്റെ നേതൃത്വത്തിലായിരുന്നു പ്രതിരോധം”.1975 നവംബർ 14-ന് രണ്ടുമാസത്തെ സമരപരിപാടിക്ക് രൂപം നൽകി. അന്ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം താൻ ഉൾപ്പെടെ 11 പേർ ഒത്തുകൂടിയത് സോമനാഥൻ ഓർക്കുന്നു. അവിടെനിന്നും കോട്ടയം കെകെ റോഡ് വഴി സെൻട്രൽ ജങ്ഷനിലെത്തി മുദ്രാവാക്യം വിളിച്ചു. അന്ന് എസ്‌ഐയായിരുന്ന നാരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉടുത്തിരുന്ന വസ്ത്രങ്ങൾ അഴിച്ചുവാങ്ങി.
പിറ്റേദിവസം രാവിലെ മുതൽ ഓരോരുത്തരെയായി ഡിവൈഎസ്‌പിയുടെ മുറിയിലേക്ക് കൊണ്ടുപോയി മർദ്ദിച്ചു. ഇടുക്കി ജില്ലയുടെ ആർഎസ്എസ് പ്രചാരകനായിരുന്ന പാലക്കാട് സുബ്രഹ്മണ്യനെയാണ് ആദ്യം കൊണ്ടുപോയത്. ഇദ്ദേഹത്തെ പോലീസ് അതിക്രൂരമായി മർദിച്ചു. സോമനാഥനും പലതവണ മർദ്ദനമേറ്റു. എല്ലാവരേയും കുമരകത്ത് കായലിൽ തള്ളുമെന്നും പോലീസ് ഭീഷണിപ്പെടുത്തി.പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 14 ദിവസത്തിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്കുകൂടി റിമാൻഡ് നീട്ടി. അങ്ങനെ 30 ദിവസങ്ങൾക്കുശേഷമായിരുന്നു മോചനം. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിക്കുവേണ്ടി സജീവമായി പ്രവർത്തിച്ചു. പിന്നീട് വിവിധ നാടുകളിൽ ആർഎസ്എസ് പ്രചാരകനായി. 1984-ൽ സ്വദേശത്ത് തിരിച്ചെത്തി പത്രം ഏജൻസി ആരംഭിച്ചു. 1985-ലായിരുന്നു വിവാഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.