തിരുവനന്തപുരം: വടിയും കത്തിയുമായി നടന്ന് അങ്ങാടി പൂട്ടുന്നതല്ല തൊഴിലാളിസമരമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കാര്യങ്ങൾ വേണ്ടവണ്ണം ബോധ്യപ്പെടുത്തിയാൽ ഒരു ബലപ്രയോഗവുമില്ലാതെ എല്ലാവരും സമരത്തിന്റെ ഭാഗമാകും.
തൊഴിലാളിസമരങ്ങളെ ആക്ഷേപിക്കുന്നവരുണ്ട്. അവർ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ(സിഐടിയു) സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ മൗലികാവകാശങ്ങളെ കേന്ദ്രം തകർത്തിരിക്കുകയാണെന്ന് എളമരം കരീം കുറ്റപ്പെടുത്തി. 12 മണിക്കൂർ വരെ ജോലിസമയം നീട്ടുന്ന രീതിയാണ് ബിജെപി സർക്കാർ കൊണ്ടുവന്നത്. എല്ലാ മേഖലകളിലും സ്ഥിരം ജീവനക്കാരെ കുറച്ചു. തൊഴിൽനിയമങ്ങൾ 29-ൽനിന്ന് നാലായി കുറച്ചു. മിനിമം കൂലിയെന്ന തത്വംതന്നെ ഇല്ലാതാക്കി.
വൻകിടക്കാരെ മാത്രമാണ് സർക്കാർ കണക്കിലെടുക്കുന്നത്. പത്തുലക്ഷം കോടി രൂപയാണ് വ്യവസായനിക്ഷേപത്തിനുള്ള പ്രോത്സാഹനമെന്ന നിലയിൽ വൻകിടക്കാർക്കു കൊടുത്തത്. ഇതേ വൻകിടക്കാർക്കുവേണ്ടിയാണ് സ്ഥിരം തൊഴിലാളികളെ കുറച്ചുകൊണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങളിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ തൊഴിലാളികൾക്കൊപ്പമാണെന്നും എളമരം പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. വി.കെ.പ്രശാന്ത് എംഎൽഎ, കെ.എസ്.സുനിൽകുമാർ, സി.കെ.ഹരികൃഷ്ണൻ, എസ്.പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.