കൊച്ചി: അഴീക്കൽ തുറമുഖത്തിനു സമീപം പുറംകടലിൽ തീപിടിച്ച വാൻ ഹായ്-503 കപ്പൽ, തീയണച്ചശേഷം ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റാനുള്ള സാധ്യത തേടുന്നു. നിലവിൽ കേരള തീരത്തുനിന്ന് 72 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. കപ്പൽ ഇപ്പോഴുള്ള സ്ഥലവുമായുള്ള ദൂരം പരിഗണിക്കുമ്പോൾ അടുത്ത തുറമുഖമെന്ന നിലയിലാണ് ഹമ്പൻടോട്ട പരിഗണിക്കുന്നത്. ഏകദേശം 480 നോട്ടിക്കൽ മൈൽ അകലെയാണ് ഹമ്പൻടോട്ട തുറമുഖം.
കപ്പൽ കമ്പനിയും ഈ തുറമുഖവുമായി ദീർഘനാളത്തെ വ്യാപാര ഇടപാടുകളുമുണ്ട്. ഇതും ഹമ്പൻടോട്ട പരിഗണിക്കാൻ കാരണമായി. തുറമുഖ അധികൃതരുമായി കപ്പൽകമ്പനി പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ട്. തുറമുഖ അധികൃതരുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.ഹമ്പൻടോട്ടയിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ദുബായിയിലെ ജബൽ അലി, ബഹ്‌റൈൻ എന്നീ തുറമുഖങ്ങളും പരിഗണനയിലുണ്ട്. തീ പൂർണമായി അണച്ച ശേഷമേ മാറ്റൂവെന്നും ഡയറക്ടറേറ്റ് ഓഫ് ഷിപ്പിങ് വ്യക്തമാക്കുന്നു.
കപ്പലിൽനിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. എന്നാൽ, തീനാളങ്ങൾ കാണാനില്ല. കപ്പലിലെ തീ പടർന്ന സ്ഥലങ്ങളിലെ ചൂട് 175 ഡിഗ്രയിൽ താഴെയായി താഴ്ന്നിട്ടുണ്ട്. കപ്പലിലേക്ക് ടഗ്ഗുകളുടെ സഹായത്തോടെ രണ്ട് ജനറേറ്ററുകൾ എത്തിക്കാൻ ശ്രമവും പുരോഗമിക്കുന്നുണ്ട്്. കപ്പലിലെ തീയണയ്ക്കാനുള്ള അഗ്നിരക്ഷാ ഉപകരണങ്ങൾക്കായും ഉള്ളിലെ വൈദ്യുതി സംവിധാനം പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിക്കുവേണ്ടിയും ജനറേറ്ററുകൾ ഉപയോഗിക്കുകയാണ് ലക്ഷ്യം.കപ്പലിനെ വലിച്ചുകൊണ്ടുപോകുന്നത് 'ബോക്ക വിങ്കർ' എന്ന ടഗ്ഗായിരുന്നു. ഈ ദൗത്യം ഓഫ്ഷോർ വാരിയർ കപ്പൽ ഏറ്റെടുത്തു. തീയണയ്ക്കാൻ പതിമൂന്നംഗ സംഘം കപ്പലിലുണ്ട്. സക്ഷം കപ്പലിന്റെയും വാട്ടർ ലില്ലി ടഗ്ഗിന്റെയും സഹായത്തോടെയാണ് തീയണയ്ക്കൽ പുരോഗമിക്കുന്നത്. കാലാവസ്ഥ അല്പം ഭേദപ്പെട്ടതിനാൽ രണ്ടാമത്തെ ടഗ്ഗിനെ കപ്പലുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടാമത്തെ ടഗ്ഗായി പരിഗണിക്കാൻ സരോജ ബ്ലസ്സിങ് കപ്പലിനെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
കപ്പലിൽനിന്ന് കാണാതായ നാല് ജീവനക്കാർക്കായുള്ള തിരച്ചിൽ അന്താരാഷ്ട്ര പ്രോട്ടക്കോൾ പ്രകാരം അവസാനിപ്പിച്ചു. ഡിഎൻഎ, വിരലടയാള വിവരങ്ങൾ നൽകാൻ തീരദേശ പോലീസിലെ പ്രത്യേക അന്വേഷക സംഘം കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അർത്തുങ്കൽ തീരത്തടിഞ്ഞ മൃതദേഹങ്ങളിൽ ഒന്ന് കാണാതായ ഇൻഡൊനീഷ്യക്കാരന്റേതാണെന്ന് സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കപ്പൽ കമ്പനി ഇൻഡൊനീഷ്യക്കാരന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.