വാഷിങ്ടൺ: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നോബലിന് നിർദേശിച്ച് പാകിസ്താൻ. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026-ലെ സമാധാന നോബേൽ സമ്മാനം നൽകണമെന്നാണ് പാകിസ്താൻ ആവശ്യം.
ഇതിനിടെ ഇന്ത്യ-പാക് സംഘർഷത്തിൽ താൻ ഇടപെട്ടുവെന്ന വാദവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. ഇതുകൊണ്ട് മാത്രം തനിക്ക് നോബേൽ കിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 'അവർ എനിക്കത് തരില്ല. തരാനാണെങ്കിൽ ഇതിനകംതന്നെ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവർ ലിബറലുകൾക്ക് മാത്രമേ നൽകുകയുള്ളൂ', നൊബേൽ നിർദേശത്തേക്കുറിച്ചുള്ള വാർത്തകളോട് ട്രംപ് പ്രതികരിച്ചു.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റിപ്പബ്ലിക് ഓഫ് റ്വാണ്ടയും തമ്മിൽ കാലങ്ങളായിത്തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനുള്ള ഉടമ്പടി ഒപ്പുവെക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. റ്വാണ്ടയിലേയും കോംഗോയിലേയും പ്രതിനിധികൾ തിങ്കളാഴ്ച വാഷിങ്ടണിലെത്തും. ലോകത്തിന് തന്നെ മഹത്തരമായ ദിനമാണിന്ന്. ഇതുകൊണ്ട് മാത്രം എനിക്ക് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിക്കില്ല.
ഇന്ത്യ-പാക് യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേൽ ലഭിക്കില്ല, സെർബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേൽ ലഭിക്കില്ല, ഈജിപ്തിനും എത്യോപ്യയ്ക്കുമിടയിൽ സമാധാനം നിലനിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേൽ ലഭിക്കില്ല. എല്ലാം ഒത്തുവന്നാൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി മിഡിൽ ഈസ്റ്റിനെ ഏകീകരിക്കും. എന്നാലും, ഞാൻ എന്ത് ചെയ്താലും എനിക്ക് നോബേൽ സമ്മാനം ലഭിക്കില്ല. ജനങ്ങൾക്ക് എന്നെ അറിയാം, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നേരത്തെ പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയിരുന്നു. തന്നെ സമാധാനത്തിനുള്ള നോബേലിന് നിർദേശിക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപ് അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് പാകിസ്താൻ ഔദ്യോഗികമായി ട്രംപിനെ നോബേൽ സമ്മാനത്തിന് നിർദേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.