തൃശ്ശൂർ: ‘‘നമ്മുടെ പ്രോ വൈസ് ചാൻസലർ, എൻറെ സുഹൃത്ത് പ്രസാദ്ജി അങ്ങകലെ ലണ്ടനിൽനിന്നാണ് ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മാറ്റിവച്ച് നിങ്ങളുടെ നേട്ടത്തിനാണദ്ദേഹം പ്രാധാന്യം നൽകിയത്’’ -കൃഷിമന്ത്രി പി. പ്രസാദിനെ വാനോളം പുകഴ്‌ത്തി ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ.
എന്റെ വിദ്യാർഥികൾ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു, അവരുടെ നേട്ടത്തിന്റെ ഈ സന്ദർഭത്തിൽ ഇവിടെയെത്തിയില്ലെങ്കിൽ അതെന്റെ പരാജയമാകുമെന്ന് അദ്ദേഹം കരുതി. അതാണ് നമ്മുടെ കൃഷിമന്ത്രിയുടെ മഹത്ത്വം -ഗവർണർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന കാർഷിക സർവകലാശാലാ ബിരുദദാനച്ചടങ്ങ് നിർവഹിച്ചശേഷം നടത്തിയ പ്രസംഗത്തിൽ പലതവണ അദ്ദേഹം മന്ത്രിയെ പുകഴ്‌ത്തി.
പരിസ്ഥിതിദിനത്തിൽ രാജ്ഭവനിലെ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതിന്റെ പേരിൽ മന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചത് വിവാദമായിരുന്നു. അതിനുശേഷം ഇരുവരും ഒരു വേദി ഒരുമിച്ച് പങ്കിടുന്നത് ആദ്യമായാണ്. ചടങ്ങിൽ അടുത്തടുത്ത സീറ്റുകളിലാണ് ഇരുവരും ഇരുന്നത്. അധ്യക്ഷപ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ മന്ത്രി പ്രസാദ് ഗവർണറെ തൊഴുതു. പിന്നീട് ഇരുവരും സൗഹൃദസംഭാഷണം നടത്തി. തുടർന്നായിരുന്നു ഗവർണറുടെ പ്രസംഗം.ഗവർണറുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാൽ ആശയപരമായ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പി. പ്രസാദ്. ബിരുദദാനച്ചടങ്ങ് തർക്കങ്ങൾക്ക് വേദിയാകാൻ പാടില്ല-ചടങ്ങിനുശേഷം മടങ്ങുംമുൻപ് മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
‘കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനിൽ നടന്ന പരിപാടിയിൽ വിവാദമുണ്ടാക്കിയത്. ഔദ്യോഗികപരിപാടിയിൽ അത്തരം ചിത്രങ്ങൾ പാടില്ല എന്നാണ് സർക്കാർ നിലപാട്. ഭരണഘടനാപദവിയിൽ ഇരിക്കുന്നവർ അത്തരം ശാഠ്യങ്ങൾ പിടിക്കരുത്.പൊതുപരിപാടിയിൽ പാലിക്കേണ്ട മര്യാദകളുണ്ട്. അത് പാലിക്കാൻ എല്ലാവരും തയ്യാറാകണം. നിലപാടിൽനിന്ന് അല്പംപോലും മാറ്റമുണ്ടാകില്ല. ഗവർണർ എന്ന പദവി ആവശ്യമില്ലാത്തതാണെന്ന് എന്റെ പാർട്ടിതന്നെ നിലപാടെടുത്തിട്ടുണ്ട്. പക്ഷേ, മന്ത്രി എന്ന നിലയിൽ ആ തീരുമാനത്തിന് ഒപ്പം നിൽക്കാനാകില്ല -മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.