ടെഹ്റാന്: യുഎസുമായുള്ള ആണവചര്‍ച്ച പുനരാരംഭിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഒരു കരാറോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവനിര്‍വ്യാപന കരാര്‍ ഉണ്ടാക്കാനുള്ള യുഎസ്-ഇറാന് ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാന്‍ ഇടയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന് വിദേശകാര്യ മന്ത്രി നിലപാടറിയിച്ചത്.
ആണവച്ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കക്കാരില്‍നിന്ന് തങ്ങള്‍ക്ക് പ്രയാസകരമായ അനുഭവമാണുണ്ടായത്. ചര്‍ച്ചകള്‍ക്കിടെ അവര്‍ വഞ്ചിച്ചു. ഈ അനുഭവം തങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കും. പക്ഷേ, ആ തീരുമാനം ഇറാനിയന്‍ ജനതയുടെ ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.
ബുധനാഴ്ച ഹേഗില്‍ നാറ്റോ നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇറാനുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. യുഎസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നതിനാല്‍ സംഭാഷണം തുടരാന്‍ തനിക്ക് പ്രത്യേക താത്പര്യമൊന്നുമില്ലെന്നും എന്നാല്‍, അടുത്തയാഴ്ച ചര്‍ച്ച നടക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാനുമായി ആണവനിര്‍വ്യാപന കരാറില്‍ എത്തിയേക്കുമെന്നും പറഞ്ഞു. ഇറാന് ഇനി ആണവായുധമുണ്ടാക്കാന്‍ ശ്രമിക്കുകയോ ആണവസമ്പുഷ്ടീകരണം നടത്തുകയോ ചെയ്യില്ലെന്നും അവരുടെ ആണവകേന്ദ്രങ്ങള്‍ യുഎസ് പൂര്‍ണമായും തകര്‍ത്തെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ മാസം 13-ന് ഇസ്രയേൽ ഇറാനുനേരേ സൈനികനടപടി ആരംഭിച്ചതിനു പിന്നാലെ യുഎസുമായുള്ള ആണവച്ചർച്ചയിൽനിന്ന് ഇറാൻ പിന്മാറിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.