തിരുവനന്തപുരം : രാഷ്ട്രീയ അടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ച്, സംസ്ഥാനത്തെ ജയിലുകളിലെ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോർട്ടിൽ നടന്നു. ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടു ചേർന്ന യോഗത്തെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു റിപ്പോർട്ട് ചെയ്തെങ്കിലും അന്വേഷണം നടത്താതെ ‘സാധാരണ’ സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കി. ‘ഭരണപരമായ സൗകര്യ’ത്തിന് എന്ന പേരിലാണു യോഗത്തിൽ പങ്കെടുത്ത 18 പേരെ സ്ഥലംമാറ്റിയത്. നടപടി ഒഴിവാക്കാൻ ബിജെപി ഉന്നതൻ ഇടപെട്ടെന്നാണു വിവരം.
ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസി.പ്രിസൺ ഓഫിസർമാരും യോഗം ചേർന്നത്. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, തവനൂർ സെൻട്രൽ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയിൽ, സ്പെഷൽ സബ് ജയിൽ, വിയ്യൂർ അതീവസുരക്ഷാ ജയിൽ, പാലാ സബ് ജയിൽ, എറണാകുളം ബോസ്റ്റൽ സ്കൂൾ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു പങ്കെടുത്തത്.‘ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളർന്നുകൊണ്ടിരിക്കും’ എന്ന അടിക്കുറിപ്പോടെ ചിലർ ചിത്രം വാട്സാപ് സ്റ്റേറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്. കേരളത്തിലെ ജയിലുകളിൽ ബിജെപിക്ക് 250ൽ ഏറെ രാഷ്ട്രീയത്തടവുകാരുണ്ട്. ഇവരെക്കൂടി സംഘടിപ്പിക്കുന്നതിനു മുന്നോടിയായ നീക്കമെന്നാണു സംശയം.പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം അഞ്ച് പേരെ തിരുവനന്തപുരം സോണിൽനിന്നു കണ്ണൂർ സോണിലേക്കു മാറ്റിയപ്പോൾ ബിജെപി നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നാണു വിവരം. തുടർന്ന് ഇവർക്ക് സൗകര്യപ്രദമായ പോസ്റ്റിങ് ലഭിച്ചു. പൊലീസ് സേനയിൽ ആർഎസ്എസ് സംഘം പ്രവർത്തിക്കുന്നുവെന്നു മൂന്നു വർഷം മുൻപു സിപിഐ നേതാവ് ആനി രാജ വിമർശിച്ചപ്പോൾ സിപിഎം, സിപിഐ നേതൃത്വം അവരെ തിരുത്തിയിരുന്നു.സംസ്ഥാനത്തെ ജയിലുകളിലെ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോർട്ടിൽ നടന്നു
0
വ്യാഴാഴ്ച, മേയ് 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.