ആഭരണപ്രേമികളെയും (gold) വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സ്വർണവിലയിൽ (gold price) ഇന്ന് വമ്പൻ മുന്നേറ്റം. സംസ്ഥാനത്ത് (Kerala Gold Rate) ഗ്രാമിന് ഒറ്റയടിക്ക് 250 രൂപ ഉയർന്ന് വില 9,025 രൂപയും പവന് 2,000 രൂപ കുതിച്ച് 72,200 രൂപയുമായി. രണ്ടുദിവസം മുമ്പുവരെ ഗ്രാമിന് 8,755 രൂപയും പവന് 70,040 രൂപയുമായിരുന്നു വില.
രാജ്യാന്തരവിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. കനത്ത ചുങ്കം ഈടാക്കുകയെന്ന തന്റെ നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി, അമേരിക്കയ്ക്ക് പുറത്തുനിർമിക്കുന്ന സിനിമകൾക്കുമേൽ 100% ചുങ്കം ഏർപ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണ് പുതിയ ആശങ്കകൾക്ക് വഴിവച്ചത്.യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കുള്ള ചുങ്കവും വൈകാതെ പ്രഖ്യാപിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ ഈ കടുംപിടിത്തം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വീണ്ടും കരിനിഴൽ വീഴ്ത്തുന്നത് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ സമ്മാനിക്കുന്നതാണ് വിലക്കുതിപ്പിന് വളമാകുന്നത്.പുറമെ, ട്രംപിന്റെ സമ്മർദത്തെ വകവയ്ക്കാതെ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇക്കുറിയും അടിസ്ഥാന പലിശനിരക്ക് നിലനിർത്തിയേക്കുമെന്ന സൂചനകളും സ്വർണത്തിന് നേട്ടമാകുന്നു. ഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം കരുതൽ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടുന്നതും വിലവർധനയ്ക്ക് വഴിവയ്ക്കുന്നു.2024-25ന്റെ രണ്ടാംപകുതിയിൽ മാത്രം റിസർവ് ബാങ്ക് 25 ടൺ സ്വർണം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഡോളറിനെതിരെ ഇന്ത്യൻ റുപ്പി 5 പൈസ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയതും കേരളത്തിൽ സ്വർണവില കൂടാൻ വഴിവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.