തെരുവുനായ്ക്കളുടെ എണ്ണം കുറക്കണം, സമീപനങ്ങളിൽ മാറ്റം അനിവാര്യമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള. തെരുവുനായ നിയന്ത്രണത്തിനുള്ള ഏക പോംവഴി നായ്ക്കളുടെ വന്ധ്യംകരണം അഥവാ അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി മാത്രമാണെന്ന സമീപനം സംസ്ഥാനത്ത് പേവിഷബാധ കേസുകൾ വർധിപ്പിക്കുമെന്ന് വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള പത്രക്കുറിപ്പിൽ അറിയിച്ചു.
തെരുവുനായ പ്രശ്‌നത്തിനുള്ള അടിയന്തര പരിഹാരമാർഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വർധിക്കുന്നത് തടയുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമാണ് എബിസി ഉപകാരപ്പെടുക.
വന്ധ്യംകരണം നടത്തുമ്പോൾ വംശവർധനയിൽ മാത്രമാണ് നിയന്ത്രണം വരിക. അവയുടെ ആക്രമണ സ്വഭാവം മാറില്ല. മാത്രമല്ല നായ്ക്കൾ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തിൽ എബിസി പദ്ധതിയുടെ പ്രായോഗികതയും പരിശോധിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ നായ്ക്കളുടെ വംശവർധന കുറയണമെങ്കിൽ ഇനിയുമൊരു പത്തു വർഷം കൂടെ വേണ്ടിവരും. അപ്പോഴേക്കും റാബീസ് കേസുകൾ ക്രമാതീതമായി ഉയരുമെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മുന്നറിയിപ്പു നൽകുന്നു.
അടിയന്തര പരിഹാരം എന്ന നിലയിൽ സ്‌കൂൾ പരിസരം, ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷൻ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കാണുന്ന അക്രമകാരികളെ പെട്ടെന്ന് ഷെൽട്ടർ ചെയ്യുകയോ നശിപ്പിക്കുകയോ വേണം. വീട്ടിൽ വളർത്തുന്നവക്ക് വാക്സിനേഷൻ, ലൈസൻസിങ്, ചിപ്പിങ് എന്നിവ നിർബന്ധമാക്കണം. മത്സ്യ–മാംസ അവശിഷ്ടങ്ങളും ഗാർഹിക മാലിന്യങ്ങളും പൊതുസ്ഥലത്തു വലിച്ചെറിയുന്നത് നിയന്ത്രിക്കണം. നായ്ക്കൾ തെരുവിലല്ല വളരേണ്ടതെന്നും പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികൾ തെരുവുനായ വിഷയത്തിലും എത്രയും വേഗം കൈകൊള്ളണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്ക് മെയിൽ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.