ന്യൂഡൽഹി : ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) അവസാന ആഴ്ചകളിലേക്കു കടന്നതിനു പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വീണ്ടും ചർച്ചകളിലേക്ക്. ജൂണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത് ശർമ ഇന്ത്യൻ നായകനായി തുടരുമോയെന്ന ചർച്ചകൾ പലവഴിക്കു നടക്കുന്നുണ്ട്. തൽക്കാലം വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് നായകസ്ഥാനത്തു തുടരാൻ താൽപര്യം പ്രകടിപ്പിച്ച രോഹിത്തിന്, ആഗ്രഹപ്രകാരം നായകനായി തുടരാനാകുമോയെന്ന് വ്യക്തമല്ല. ടീമിലുണ്ടാകുമെന്ന് തീർച്ചയാണെങ്കിലും, രോഹിത്തിനെ നായകസ്ഥാനത്തു നിലനിർത്തുന്ന കാര്യത്തിൽ ടീം മാനേജ്മെന്റോ ബിസിസിഐ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.
ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള സുവർണാവസരമായിട്ടാണ് പ്രബലവിഭാഗം ആരാധകർ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തെ കാണുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തോടെ രോഹിത് നായകസ്ഥാനത്ത് ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, താരം തന്നെ അതു തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 38കാരനായ രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.അതിനിടെ, ജസ്പ്രീത് ബുമ്രയെ ഉപനായക സ്ഥാനത്തുനിന്ന് നീക്കി ശുഭ്മൻ ഗില്ലിനെ ഉപനായകനാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ഏകദിന, ട്വന്റി20 ടീമുകളുടെ ഉപനായകൻ ഗില്ലാണ്. രോഹിത്ത് മാറുന്ന സാഹചര്യം വന്നാൽ പുതിയ നായകൻ വരുന്നതുവരെ ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറാണെന്ന് ഒരു മുതിർന്ന താരം ബിസിസിഐയ്ക്കു മുന്നിൽ ‘ഓഫർ’ വച്ചെങ്കിലും, സിലക്ടർമാരോ പരിശീലകരോ ബിസിസിഐയോ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.നായകസ്ഥാനത്ത് ദീർഘകാലാടിസ്ഥാനത്തിൽ പരിഗണിക്കാവുന്ന ഒരാളെയാണ് പരിശീലകൻ ഗൗതം ഗംഭീറിനും താൽപര്യമെന്നാണ് വിവരം. താൽക്കാലിക സംവിധാനങ്ങളോട് അതുകൊണ്ടുതന്നെ ഗംഭീർ താൽപര്യം കാണിക്കുന്നുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.