ചൈനയും യുഎസും തമ്മിലെ വ്യാപാരപ്പോരിന് ശമനമാകുന്നെന്ന വിലയിരുത്തലുകളെ തുടർന്ന് ലാഭമെടുപ്പ് തകൃതിയായതോടെ ആടിയുലഞ്ഞ് രാജ്യാന്തര സ്വർണവില. ഒരുവേള ഔൺസിന് 3,432 ഡോളർ വരെ കുതിച്ചുകയറിയ വില, ഇപ്പോഴുള്ളത് 3,384 ഡോളറിൽ. എന്നാൽ, രാവിലെ ആഭ്യന്തര വിലനിർണയത്തിനു മുമ്പ് രാജ്യാന്തര വില 3,400 ഡോളറിനു മുകളിലായിരുന്നതിനാലും ഇന്ത്യാ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ റുപ്പി 31 പൈസ ഇടിഞ്ഞ് 84.66ലേക്ക് വീണതിനാലും ആഭ്യന്തര സ്വർണവില ഇന്നും കത്തിക്കയറി.
ഗ്രാമിന് 50 രൂപ ഉയർന്ന് 9,075 രൂപയും പവന് 400 രൂപ വർധിച്ച് 72,600 രൂപയുമാണ് ഇന്നു വില. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 250 രൂപയും പവന് 2,000 രൂപയും കൂടിയിയിരുന്നു. 18 കാരറ്റ് സ്വർണവിലയും ഇന്നു ഗ്രാമിന് ചില കടകളിൽ 35 രൂപ വർധിച്ച് 7,495 രൂപയായി. മറ്റു ചില കടകളിൽ വ്യാപാരം ഗ്രാമിന് 45 രൂപ ഉയർന്ന് 7,455 രൂപ. വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 108 രൂപ.പകരച്ചുങ്കം ഏർപ്പെടുത്തിയ വിഷയത്തിൽ ചൈനയും യുഎസും തമ്മിൽ ചർച്ചകൾ സജീവമായതും യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സമീപഭാവിയിൽ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്ന സൂചനകളുമാണ് രാജ്യാന്തര സ്വർണവിലയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചത്.കഴിഞ്ഞദിവസങ്ങളിലെ വിലക്കയറ്റം മുതലെടുത്തുള്ള ലാഭമെടുപ്പ് സമ്മർദവും വില കുറയാൻ സഹായിച്ചു. രാജ്യാന്തര വില ഈ ട്രെൻഡാണ് തുടരുന്നതെങ്കിൽ വരുംദിവസങ്ങളിൽ കേരളത്തിലെ വിലയും താഴ്ന്നേക്കാം. എന്നാൽ, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം, രൂപയുടെ തളർച്ച എന്നിവ സ്വർണവിലയുടെ ഇറക്കത്തിനു വിലങ്ങുതടിയായേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.