മലപ്പുറം: ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അവിടുത്തെ അതിതീവ്ര പരിചയരണ വിഭാഗത്തിലെ ഡോക്ടര്‍ ജിതേഷുമായി സംസാരിച്ചു. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നു.കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള് കൂടി തുടരേണ്ടി വരും.
കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായ ശാരീരിക മാനസിക ആരോഗ്യത്തോടുകൂടി രോഗിക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ ജിതേഷ്, ഡോക്ടര്‍ വിജയ്, ഡോക്ടര്‍ മുജീബ് റഹ്മാന്, ഡോക്ടര്‍ ധരിത്രി (പള്‍മനോളജിസ്റ്) എന്നിവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ക്രിട്ടിക്കല്‍ കെയര്‍ ടീം അംഗങ്ങളുടെയും പരിചരണനത്തിലാണ് രോഗി ഇപ്പോള്‍ ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.