കൊച്ചി : ‘മിനിരത്ന’ കമ്പനിയായ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്‌എൽ) ‘നവരത്ന’കമ്പനികളുടെ ഗണത്തിലേക്ക്. ഇതു സംബന്ധിച്ച ആലോചനകൾ അവസാന ഘട്ടത്തിലാണെന്നറിയുന്നു. പബ്ലിക് എന്റർപ്രൈസസ് വകുപ്പിന്റെ പ്രഖ്യാപനം താമസിയാതെയുണ്ടായേക്കും.
കൊച്ചിൻ ഷിപ്‌യാഡ് ഉൾപ്പെടെ കപ്പൽ നിർമാണ രംഗത്തെ മൂന്നു കമ്പനികളെ നവരത്ന പദവിയിലേക്ക് ഉയർത്താനാണ് ആലോചന. ഗോവ ഷിപ്‌യാഡ്, ലിമിറ്റഡ്, ഗാർഡൻറീച് ഷിപ്‌ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് ലിമിറ്റഡ് എന്നിവയാണു മറ്റുള്ളവ. മാംഗനീസ് വ്യവസായത്തിലെ എംഒഐഎൽ ലിമിറ്റഡും പരിഗണനയിലുണ്ട്.നവരത്ന പദവി നൽകുന്നതിനു നിശ്‌ചയിച്ചിട്ടുള്ള എല്ലാ യോഗ്യതകളും കൊച്ചിൻ ഷിപ്‌യാഡിനുണ്ട് (Read more..). കമ്പനിക്കു നവരത്ന പദവിയിലൂടെ ലഭിക്കുന്നതു ഭാരത് ഇലക്‌ട്രോണിക്‌സ്, ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ്, നാൽകോ, എൻഎംഡിസി, രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് തുടങ്ങിയ കമ്പനികൾക്കു തുല്യമായ സ്‌ഥാനമായിരിക്കും. നവരത്ന പദവി ലഭിക്കുന്നതിലൂടെയുണ്ടാകുന്ന ഏറ്റവും വലിയ നേട്ടം സാമ്പത്തിക കാര്യങ്ങളിലും പ്രവർത്തനത്തിലുമുള്ള അധിക സ്വാതന്ത്ര്യമാണ്. 1000 കോടി രൂപ വരെയുള്ള നിക്ഷേപ തീരുമാനങ്ങൾക്കു സർക്കാരിന്റെ അനുമതി തേടേണ്ട കാര്യമില്ല.
ആഗോളരംഗത്തെ മുൻനിര കമ്പനിയായി മാറാൻ ശേഷിയുള്ള പൊതുമേഖലാസംരംഭങ്ങളെയാണു നവരത്ന പദവിയിലേക്ക് ഉയർത്തുന്നത്. കൊച്ചിൻ ഷിപ്‌യാഡ് ഇപ്പോൾത്തന്നെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കമ്പനിയാണ്. വിദേശത്തുനിന്നുള്ള ഒട്ടേറെ ഓർഡറുകൾ കമ്പനിക്കു ലഭിക്കുന്നു. കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനി 287.18 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. പ്രവർത്തന വരുമാനം 36.7% ഉയർന്ന് 1,757.65 കോടി രൂപയിലെത്തി.ഇന്നലെ കമ്പനിയുടെ ഓഹരികൾ 1.38% ഉയർന്നായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ജിആർഎസ്ഇ, മാസഗോൺ ഡോക്ക് ഓഹരികൾ 1-3 ശതമാനവും ഉയയർന്നിരുന്നു. കേന്ദ്ര സർക്കാർ 44,000 കോടി രൂപയുടെ യുദ്ധക്കപ്പൽ നിർമാണ പദ്ധതി പുനരാലോചിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇന്നലെ ഉണർവ് സമ്മാനിച്ചത്. കൊച്ചിൻ ഷിപ്‌യാഡ് ഉൾപ്പെടെ കപ്പൽ നിർമാണ കമ്പനികളുടെ ഓഹരികൾ ഇന്നും നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.