അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.തൊഴിലുറപ്പ് പദ്ധതികൾക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബൽവന്ത് സിങ് ഖബാദ് നടത്തുന്ന ഏജൻസിയാണ്. എന്നാൽ ചെലവ് തുകയുടെ കണക്കില്‍ ഇവർ തിരിമറി നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർക്കെതിരേയുള്ള അന്വേഷണം. മറ്റൊരു മകൻ കിരണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.