തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങൾ നിർമിച്ച സ്കൂളുകളിൽ പോലും, വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ, പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ടെന്നും ഉന്നതതല യോഗം വിലയിരുത്തി. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിർദേശം ജില്ലാ കലക്ടർമാർ നൽകാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങണമെന്നും യോഗത്തിൽ തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതലയോഗം ചേർന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉൾപ്പെടെ സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകൾ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു. സ്കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റും. പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉണ്ടെന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കാനും മന്ത്രിമാർ നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്കൂളുകൾക്ക് പ്രൊവിഷനൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാർഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ അധ്യയന വർഷത്തേക്ക് ഈ അനുവാദം നൽകുക. ചുമരുകളുടെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്ങിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ, ഫാൾസ് സീലിങ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾക്കാണ് ഈ തീരുമാനം സഹായകരമാവുക. ഒരു വർഷത്തിനകം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിട നിർമാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേൽ, കഴിഞ്ഞ അധ്യയന വർഷം 140 സ്കൂളുകൾക്കായിരുന്നു ഫിറ്റ്നസ് നൽകിയത്. ഇതിൽ 44 സ്കൂളുകൾ നിർമാണം ക്രമവത്കരിക്കുകയും, 22 സ്കൂളുകൾ അപേക്ഷ നൽകി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലുമാണ്. ഈ സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കാവുന്നതാണെന്നും ഉന്നതതലയോഗത്തിൽ തീരുമാനമായി. കഴിഞ്ഞ വർഷം നിബന്ധനകൾക്ക് വിധേയമായി ഫിറ്റ്നസ് ലഭിക്കുകയും, ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ഈ സ്കൂളുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.