കൊൽക്കത്ത : ജയിക്കും ജയിക്കും എന്ന് തോന്നിപ്പിക്കും, പക്ഷേ ജയിക്കില്ല; ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ രാജസ്ഥാൻ റോയൽസ് പിന്തുടരുന്ന ശൈലി ഇങ്ങനെയാണ്! കൊൽക്കത്ത ഈഡൻ ഗാർഡൻസിനെ തീപിടിപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റൻ റിയാൻ പരാഗ് മിന്നിത്തിളങ്ങിയ മത്സരത്തിലാണ് നാടകീയ നിമിഷങ്ങൾക്കൊടുവിൽ രാജസ്ഥാൻ റോയൽസ് ഒറ്റ റണ്ണിന്റെ തോൽവി വഴങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ, രാജസ്ഥാന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു.
ഐപിഎൽ ചരിത്രത്തിലും വിജയത്തിന് അരികെ വീഴുന്നത് രാജസ്ഥാന് ശീലമാണ്. ഐപിഎലിൽ ഇതു മൂന്നാം തവണയാണ് റോയൽസ് ഒരു റൺ തോൽവി വഴങ്ങുന്നത്. 2011ൽ ഡൽഹിക്കെതിരെയും കഴിഞ്ഞവർഷം ഹൈദരാബാദിനെതിരെയും അവർ ഇതേ മാർജിനിൽ തോറ്റിരുന്നു. ഈ സീസണിൽ ഡൽഹിക്കെതിരായ മത്സരം ടൈ ആയശേഷം സൂപ്പർ ഓവറിൽ തോൽവി വഴങ്ങിയ രാജസ്ഥാൻ ലക്നൗവിനെതിരെ പരാജയപ്പെട്ടത് 2 റൺസിനാണ്. ശനിയാഴ്ച ബെംഗളൂരുവിനെതിരായ മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടതും 2 റൺസിന്റെ നേരിയ മാർജിനിലാണ്.അവസാന 5 ഓവർ ബോളിങ്ങിലെ പിഴവും മികവുമാണ് കൊൽക്കത്ത– രാജസ്ഥാൻ മത്സരത്തിന്റെ ഫലം നിർണയിച്ചത്. ആദ്യ ബാറ്റിങ്ങിൽ 15 ഓവറിൽ 3ന് 121 എന്ന നിലയിലായിരുന്ന കൊൽക്കത്ത സ്കോർ 200 കടത്തിയത് അവസാന 5 ഓവറിൽ 85 റൺസ് വഴങ്ങിയ രാജസ്ഥാന്റെ പിടിവിട്ട ബോളിങ്ങാണ്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് ജയിക്കാൻ അവസാന 4 ഓവറിൽ 43 റൺസ് വേണ്ടിയിരിക്കെ കൊൽക്കത്ത ബോളർമാർ അവസരത്തിനൊത്തുയർന്നു.17–ാം ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയ സുനിൽ നരെയ്നും പരാഗിന്റെ നിർണായക വിക്കറ്റ് നേടിയത് ഉൾപ്പെടെ 18–ാം ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയ ഹർഷിത് റാണയും രാജസ്ഥാൻ ബാറ്റർമാരെ തളച്ചിട്ടു.വൈഭവ് അറോറ എറിഞ്ഞ 20–ാം ഓവറിൽ രാജസ്ഥാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 22 റൺസാണ്. ഇംപാക്ട് പ്ലേയറായി എത്തിയ ശുഭം ദുബെ രണ്ടു സിക്സും ഒരു ഫോറും സഹിതം 20 റൺസടിച്ചതോടെയാണ് മത്സരം നാടകീയമായത്. അവസാന പന്തിൽ വിജയത്തിലേക്ക് മൂന്നു റൺസ് എന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ ജോഫ്ര ആർച്ചർ റണ്ണൗട്ടായതോടെ കൊൽക്കത്തയ്ക്ക് ഒരു റൺ ജയം. ഇതോടെ കൊൽക്കത്ത നേരിയ രീതിയിൽ പ്ലേഓഫ് പ്രതീക്ഷയും നിലനിർത്തി. രാജസ്ഥാൻ നേരത്തേ തന്നെ പുറത്തായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.