ചെന്നൈയിലെ 'തഗ്ലൈഫ്' ഓഡിയോ ലോഞ്ച് ഇവന്റില്‍ വൈകാരിക പ്രസംഗവുമായി നടന് സിലമ്പരസന്. താനുള്‍പ്പെടെയുള്ള പുതുതലമുറയിലെ അഭിനേതാക്കള്‍ക്ക് പ്രചോദനമായ കമല്‍ ഹാസന് സിലമ്പരസന് നന്ദി പറഞ്ഞു. സിനിമയിലേക്ക് തന്നെ വഴിതിരിച്ചുവിട്ട പിതാവ് ടി. രാജേന്ദറിനും അമ്മ ഉഷ രാജേന്ദറിനും വൈകാരികമായാണ് സിമ്പു നന്ദി പറഞ്ഞത്. തനിക്ക് പാടാന്‍ അവസരം തന്നെ എ.ആര്. റഹ്മാനും തന്റെ മോശം സമയത്ത് അഭിനയിക്കാന്‍ അവസരം തന്നെ സംവിധായകന് മണിരത്നത്തിനും സിമ്പു നന്ദി അറിയിച്ചു. ചെന്നൈയിലെ സായ്റാം എന്‍ജിനീയറിങ് കോളേജിലായിരുന്നു 'തഗ്ലൈഫ്' ഓഡിയോ ലോഞ്ച്.
അച്ഛനല്ലാതെ എന്നെ ആദ്യമായി പാടാന്‍ വിളിച്ച ഒരാള്‍ എ.ആര്. റഹ്മാനാണെന്ന് സിമ്പു ഓര്‍ത്തു. അതിനുശേഷം ഇതുവരെ വിവിധ ഭാഷകളിലായി ഞാന്‍ 150-ഓളം പാട്ടുകള്‍ പാടിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.'നിര്‍മാതാക്കളുടെ സംഘടന എനിക്ക് റെഡ് കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സമയത്ത്, പല നിര്‍മാതാക്കള്‍ക്കും എന്നെ സമീപിക്കാന്‍ പേടിയായിരുന്നു. ആ സമയത്താണ് മണിരത്നം സാറിന്റെ മദ്രാസ് ടാക്കീസില്‍നിന്ന് എനിക്ക് വിളി വന്നത്. എനിക്ക് ആദ്യമത് വിശ്വസിക്കാന്‍ പറ്റിയില്ല. നേരിട്ടുകണ്ടപ്പോള്‍ ഞാന്‍ ആദ്യംചോദിച്ചത്, അദ്ദേഹം തന്നെയാണോ എന്നെ വിളിച്ചത് എന്നാണ്. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാവരും പേടിച്ചിരുന്ന കാലത്ത് അദ്ദേഹം റിസ്ക് എടുത്തു. അത് ഞാനൊരിക്കലും മറക്കില്ല. മണി സര് എനിക്ക് മുത്തച്ഛനേയും ഗുരുവിനേയും പോലെയാണ്. എനിക്ക് ഈ റോള്‍ തന്നതിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു', സിമ്പു പറഞ്ഞു.'തഗ്ലൈഫി'ല്‍ കമല്‍ സാറിനെ അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ അനുകരിക്കുന്നൊരു സീനുണ്ട്. ഷൂട്ടിങ്ങിനിടെ ഞാന്‍ ബുദ്ധിമുട്ടുന്നത് മണി സര് ശ്രദ്ധിച്ചു. കട്ടുവിളിച്ച് ശരിയായി ചെയ്യാന്‍ ആവശ്യപ്പെട്ടു. സംഭവം കമല്‍ സാറിനോട് പോയി പറഞ്ഞു. കമല്‍ സര് എന്റെ അടുത്തുവന്ന് അദ്ദേഹത്തെപ്പോലെ സംസാരിക്കാന്‍ എനിക്ക് ധൈര്യം തന്നു. ഞാനും കമല്‍ സാറും പരസ്പരം കഴുത്തില്‍പിടിച്ചു നില്ക്കുന്ന ഒരു ഷോട്ടുണ്ട്. ആ ടേക്ക് പല തവണ പോകേണ്ടിവന്നു. ഞാന്‍ അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ടോ എന്നായിരുന്നു എന്റെ പേടി. സോറി കമല്‍ സര്, അതിന് കാരണം മണിസാര്‍ ആണ്', സിമ്പു പറഞ്ഞു.കണ്ണീരണിഞ്ഞാണ് സിലമ്പരസന് മാതാപിതാക്കളെക്കുറിച്ച് സംസാരിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ അഭിനയം പഠിപ്പിച്ചതിന് അവരോട് നന്ദി പറയുന്നതായി സിമ്പു പറഞ്ഞു. 'സ്കൂളിലൊക്കെ പോയി മറ്റ് കുട്ടികള്‍ സാധാരണ ജീവിതം നയിക്കുമ്പോള്‍, ഇവരെന്തിനാണ് എന്നോടിത് ചെയ്യുന്നത് എന്ന് എനിക്ക് തോന്നുമായിരുന്നു. എന്നാല്‍, 40 വര്ഷത്തന് ശേഷം എനിക്ക് കമല്‍ ഹാസന് സാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. എനിക്ക് ഈ ജീവിതം തന്നതിന് ഞാന്‍ അവരോട് നന്ദി പറയുന്നു', സിലമ്പരസന് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.