തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് കേസ്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. നിലവിൽ കിഫ്‌ബിയുടെ സിഇഒ കൂടിയാണ് കെഎം എബ്രഹാം.
2016ലാണ് ജോമോൻ പുത്തൻപുരയ്‌ക്കൽ, കെഎം എബ്രഹാമിനെതിരെ വിജിലൻസിൽ പരാതി നൽകിയത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു ആരോപണം. മുംബയിലും തിരുവനന്തപുരത്തുള്ള ഫ്ലാറ്റുകൾ, കൊല്ലത്തെ ഷോപ്പിംഗ് കോംപ്ലക്‌സ്, ഭാര്യയുടെയും മക്കളുടെയും സ്വത്ത് തുടങ്ങിയ ആസ്‌തികൾ അനധികൃതമായി നേടിയതാണെന്നും ജോമോൻ പുത്തൻപുരയ്‌ക്കലിന്റെ പരാതിയിലുണ്ടായിരുന്നു.
പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അന്ന് ഉദ്യോഗസ്ഥർ കെഎം എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെൻ ഡൗൺ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചത്. എന്നാൽ, ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി.
തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കല്‍ 2018ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതായി കോടതി വിലയിരുത്തി. വരവിൽ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.