കൊല്ലം ; റെയിൽവേ സ്റ്റേഷനു സമീപം പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ പലഹാരങ്ങളുണ്ടാക്കാൻ ഉപയോഗിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.
സാക്ഷി മൊഴികളിലൊന്നും പ്ലാസ്റ്റിക് കവർ ഉരുക്കി എണ്ണയിൽ ഒഴിക്കുന്നത് കണ്ടുവെന്ന് ആരും മൊഴി നൽകിയിട്ടില്ലെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. നടപടി ചോദ്യം ചെയ്തവരിൽ ഒരാൾ ചട്ടിയിൽ ഒഴിക്കുകയായിരുന്ന പാമൊലിനിന്റെ കവർ എടുത്തു എണ്ണയിലേക്ക് ഇടുകയായിരുന്നുവെന്നാണ് കടയുടമയും തൊഴിലാളികളും പറയുന്നത്.
എല്ലാവരും കൂടി ബഹളം വച്ചപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് എണ്ണ ഉപേക്ഷിച്ചതെന്നും ഇവർ പറയുന്നു. അത്തരത്തിൽ പുറത്തു നിന്നൊരാളാണ് പ്ലാസ്റ്റിക് കവർ എണ്ണയിലേക്ക് ഇട്ടതെന്ന് തെളിയണമെങ്കിൽ പൊലീസ് അന്വേഷണമടക്കം വേണ്ടിവരും. പക്ഷേ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും ഹെൽത്ത് കാർഡ് അടക്കമുള്ള മറ്റു നടപടിക്രമങ്ങൾ പാലിക്കാത്തതിനും കട നടത്തിയവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തിട്ടുണ്ട്.
അതേസമയം എണ്ണയിൽ പ്ലാസ്റ്റിക് ഉരുക്കിച്ചേർക്കുന്നതു കൊണ്ട് ഇതു ചെയ്യുന്നവർക്കു യാതൊരു ഉപകാരവും ലഭിക്കുന്നില്ലെന്നും പ്ലാസ്റ്റിക് എണ്ണയിൽ ഒരിക്കലും പൂർണമായി ഉരുകില്ലെന്നും അത്തരത്തിലുള്ള എണ്ണ ഉപയോഗിച്ചാൽ അതു വലിയ രുചിമാറ്റവും ഗന്ധവും സൃഷ്ടിക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി. അതുകൊണ്ടു തന്നെ എന്തെങ്കിലും ഉദ്ദേശത്തോടെ പ്ലാസ്റ്റിക് ഉരുക്കി എണ്ണയിൽ ചേർത്തുവെന്നു കരുതാനാവില്ലെന്നും അബദ്ധത്തിൽ കവർ എണ്ണയിൽ വീഴാനോ സംശയം ഉന്നയിക്കുന്നതിനിടെ ആരെങ്കിലും ഇട്ടിരിക്കാനോ ആണ് സാധ്യത കൂടുതലെന്നുമാണ് അധികൃതരുടെ വാദം.
റെയിൽവേയിൽ വിതരണം ചെയ്യുന്നത് ഇവിടെ നിർമിക്കുന്ന പഴം പൊരിയും ഉഴുന്നുവടയുമാണെന്ന ആരോപണം കടയുടമ നിഷേധിച്ചിട്ടുണ്ട്. റെയിൽവേയിൽ വിതരണം നടത്തുന്നത് ഇരുമ്പുപാലത്തിന് സമീപമുള്ള കടയിൽ നിർമിക്കുന്ന പലഹാരങ്ങളാണെന്നും എസ്എംപി പാലസ് റോഡിന് സമീപത്തെ കടയിൽ നിർമിച്ചിരുന്നത് പ്രധാനമായും ചെറിയ വിൽപനക്കാർക്കു കൊണ്ടുപോകാൻ വേണ്ടിയും കടയിൽ വരുന്നവർക്കു നൽകാനും വേണ്ടിയാണെന്നാണ് മൊഴി.
കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്തു വലിയ പ്രതിഷേധം ഉയർന്നതോടെ സംഭവസ്ഥലത്ത് ആദ്യമെത്തിയ കോർപറേഷൻ ആരോഗ്യവിഭാഗമാണ് ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ചിരുന്നത്. കോർപറേഷൻ അധികൃതർ ഇത് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ തന്നെ സംഭവം വൻവിവാദമായിട്ടും ഇന്നലെ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് എണ്ണയുടെയും പലഹാരങ്ങളുടെയും സാംപിൾ എടുത്തത്. സംഭവത്തിൽ ഉടനടി നടപടി സ്വീകരിക്കാനോ കൃത്യമായി ഇടപെടാനോ ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറാകുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.