പത്തനംതിട്ട: മലയിടിച്ച് മണ്ണെടുക്കുന്നതിനിടെ യന്ത്രം മറിഞ്ഞ് ദേഹത്തുവീണ് മരിച്ച ഇതരസംസ്ഥാനക്കാരനായ ഓപ്പറേറ്ററെ അവഹേളിച്ച ഗ്രേഡ് എസ്‌ഐക്ക് എതിരേ നടപടിക്ക് സാധ്യത.
കുളനട പൈവഴിക്ക് സമീപം ഞായറാഴ്ച അപകടമുണ്ടായ സ്ഥലത്ത് ഓപ്പറേറ്ററുടെ മൃതദേഹം യന്ത്രത്തിനടിയിൽ കിടക്കുമ്പോഴാണ്, എസ്‌ഐ ഇങ്ങനെ തന്നോട് സംസാരിച്ചതെന്ന് നാട്ടുകാരിയായ മായയാണ് വെളിപ്പെടുത്തിയത്.ഒരു ജീവനല്ലേ യന്ത്രത്തിന് അടിയിൽ കിടക്കുന്നതെന്ന് മായ എസ്ഐയോട് പറഞ്ഞപ്പോൾ, നിങ്ങളെന്തിനാ ഇങ്ങനെ ക്ഷോഭിക്കുന്നത്. മരിച്ചത് ബംഗാളിയല്ലേ, മലയാളിയല്ലല്ലോ’ എന്നായിരുന്നു ഇലവുംതിട്ട എസ്‌ഐ പി.എൻ. അനിൽകുമാറിന്റെ മറുപടി.
കേരളത്തിൽ മാത്രമേ ഒരാൾ മരിച്ചുകഴിഞ്ഞാൽ ഇത്രയും നിയമനടപടി ഉള്ളൂവെന്നും മറ്റു സംസ്ഥാനങ്ങളിൽ ഒരു മറുനാട്ടുകാരൻ മരിച്ചാൽ മൃതദേഹം ഉടനെ കയറ്റിവിടുന്നതാണ് രീതിയെന്നും എസ്ഐ പറഞ്ഞതായും മായ പറയുന്നു. ഇതോടെ, നാട്ടുകാർ കൂടുതൽ പ്രതിഷേധം ഉയർത്തി. പന്തികേട് മനസ്സിലാക്കിയ എസ്‌ഐ അവിടെനിന്ന് വേഗം സ്ഥലംവിട്ടു. എസ്ഐയ്ക്ക് എതിരേ നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയിട്ടുണ്ട്.
കുളനട പഞ്ചായത്തംഗം സന്തോഷ്‌കുമാറിന്റെ ഭാര്യയാണ് കൈപ്പുഴ വടക്ക് പുലരിയിൽ വീട്ടിൽ മായ. പൈവഴിക്ക് സമീപം കടലിക്കുന്ന് മലയിൽ അപകടമുണ്ടായ വിവരം അറിഞ്ഞാണ് നാട്ടുകാരോടൊപ്പം മായയും അവിടെ എത്തിയത്. 22 ദിവസമായി ഇവിടത്തെ മണ്ണെടുപ്പിന് എതിരേ സമരം നടത്തിവരുന്ന സമിതിയുടെ പ്രവർത്തകയാണ് മായയും.
സംഭവത്തെപ്പറ്റി മായ പറഞ്ഞത്-“അപകടവിവരമറിഞ്ഞ് ഞാനും ഭർത്താവും ഉൾപ്പെടെയുള്ളവർ മണ്ണെടുക്കുന്നിടത്തേക്ക് ചെന്നപ്പോൾ ആ സ്ഥലത്തിന്റെ ഉടമയുടെ മകൻ ഞങ്ങളോട് തട്ടിക്കയറി. പഞ്ചായത്ത് പ്രസിഡന്റും അംഗവും അടക്കമുള്ളവരാണെന്നും അപകടമുണ്ടായ സ്ഥലത്ത് വരാൻ ആരുടേയും അനുവാദം വേണ്ടെന്നും ഞങ്ങൾ പറഞ്ഞു.
അല്പം കഴിഞ്ഞ് എസ്‌ഐയും രണ്ടു പോലീസുകാരും എത്തി. അവർ വന്ന ഉടനെ, എല്ലാവരും സ്ഥലത്തുനിന്ന് മാറണമെന്നും എല്ലാവരും മദ്യപിച്ചവരാണെന്നും എസ്‌ഐ പറഞ്ഞു. തുടർന്നാണ് മരിച്ചയാളെ അവഹേളിച്ചത്”.
ബിഹാർ ഭഗൽപുർ ബാബൻഗാമ സ്വദേശി സൂരജ്കുമാർ ഷാ (25) ആണ് യന്ത്രം മറിഞ്ഞ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.