മേപ്പാടി: ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 123 വീടുകളുടെ താക്കോൽദാനം ചൊവ്വാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.
മേപ്പാടി, മുട്ടിൽ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെയാണ് പരൂർക്കുന്നിൽ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയിൽ 480 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലയവും വരാന്തയുമടങ്ങുന്നതാണ് വീട്. 10 ലക്ഷം രൂപ ചെലവിൽ എല്ലാ വീടുകളിലും വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്.
കാരാപ്പുഴ പദ്ധതി പ്രദേശത്തോടുചേർന്നുകിടക്കുന്ന ഭൂമിയിൽ നിർമിക്കുന്ന 165 വീടുകളിൽ 123 വീടുകളുടെ പണിയാണ് പൂർത്തിയായത്. ഇതിൽ 14 വീടുകൾ ഒന്നരമാസം മുൻപ് പൂർത്തിയാക്കി. ബാക്കി വീടുകളുടെ നിർമാണം ഒന്നര വർഷം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ 54 കുടുംബങ്ങൾ പൂർത്തിയായ വീടുകളിൽ താമസിക്കുന്നുണ്ട്. ശേഷിക്കുന്ന വീടുകളിൽ കുടുംബങ്ങൾ താമസിക്കാത്തത് ഇവിടേക്ക് യാത്രായോഗ്യമായ വഴിയോ കുടിവെള്ളമോ ലഭിക്കാത്തത് കാരണമായിരുന്നു.
1.04 കോടി രൂപ ചെലവിൽ ശുദ്ധജല വിതരണപദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. ഫിൽട്ടറിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷം 30-നുള്ളിൽത്തന്നെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ ഘട്ടത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച റോഡാണ് പദ്ധതി പ്രദേശത്തേക്കുള്ള ഏക ഗതാഗതസംവിധാനം.
റോഡ് കടന്നുപോകുന്ന ഭൂമി ഗുണഭോക്താക്കൾക്ക് അളന്നു കൊടുത്തതിൽപ്പെട്ടതിനാൽ ഇതുവരെ ഗതാഗതയോഗ്യമായ റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള പഠനം നടത്താൻ ട്രൈബൽ വകുപ്പ് അഞ്ച് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഈ റിപ്പോർട്ട് കിട്ടിയ ശേഷം റോഡിനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ശുദ്ധജല വിതരണ പദ്ധതിയും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ പുനരധിവാസ ഭൂമിയിലേക്ക് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നേരത്തേ 60-ഓളം വീടുകളിൽ വൈദ്യുതികണക്‌ഷൻ ലഭിച്ചിരുന്നെങ്കിലും കുടിശ്ശികമൂലം ഭൂരിപക്ഷം വീടുകളിലും കണക്‌ഷൻ വിച്ഛേദിച്ചു. താമസക്കാരില്ലാത്ത വീടുകളിലാണ് വൈദ്യുതി കുടിശ്ശികയായത്. താമസക്കാരെത്തുന്നതോടെ എല്ലാവീടുകളിലും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.