ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ. 14 മണിക്കൂർ നീണ്ട നടപടി ക്രമങ്ങൾക്കൊടുവിലാണ് വഖഫ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.
ഇതോടെ മുഖ്യ രാഷ്ട്രീയ അജൻഡകളിലൊന്നായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ നിയമമാകുന്നതിന്റെ അന്തിമ നടപടിയിലേക്ക് കടക്കുകയാണ്. ബിൽ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി മാത്രമാണു വേണ്ടത്.
128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 പേർ എതിർത്തു. 14 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ വ്യാഴാഴ്ച പുലർച്ചെ 1.56നാണ് ബിൽ ലോക്സഭ പാസാക്കിയത്. ഹാജരായിരുന്ന 520 അംഗങ്ങളിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു.
കേരളത്തിൽനിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാൽ ഹാജരായില്ല. വഖഫ് കൗൺസിൽ ഘടന സംബന്ധിച്ച എൻ.കെ.പ്രേമചന്ദ്രന്റെ ഭേദഗതിനിർദേശം തള്ളി (231–288). എൻഡിഎയ്ക്ക് 293 അംഗങ്ങളും ഇന്ത്യാസഖ്യത്തിന് 3 സ്വതന്ത്രരടക്കം 236 അംഗങ്ങളുമാണ് ലോക്സഭയിലുള്ളത്.
ബില്ലിനെ എതിർക്കുമെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോടു നിർദേശിക്കുകയായിരുന്നു. ലോക്സഭയിൽ സാന്നിധ്യമില്ലാത്ത ബിജെഡിക്ക് രാജ്യസഭയിൽ 7 എംപിമാരുണ്ട്. 7 അംഗങ്ങളുള്ള വൈഎസ്ആർ കോൺഗ്രസും 4 വീതം അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും ബിആർഎസും ബില്ലിനെ എതിർത്തു വോട്ടു ചെയ്തു.
പ്രതിപക്ഷ പാർട്ടിയുടെ നേതാക്കൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ടു തള്ളി. വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സമരക്കാർ ജയ് വിളിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.