കണ്ണൂർ∙ വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്. ഇന്നലെ രാവിലെ 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്. പകൽ മുഴുവൻ കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ വിയർത്തൊഴുകിയാണ് നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെ കഴിച്ചുകൂട്ടിയത്.
പ്രസവത്തിനായി കാത്തിരിക്കുന്നവരും പ്രസവം കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളിൽ പ്രവേശിപ്പിച്ചവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ വലഞ്ഞു.പലവട്ടം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞു. പകൽ സമയത്തും വെളിച്ചക്കുറവ് ബുദ്ധിമുട്ടിച്ചിരുന്നു. വൈകിട്ടായതോടെ പൂർണമായും ഇരുട്ടായി.ഇതോടെ മൊബൈൽ ഫോണിന്റെ ലൈറ്റ് തെളിച്ചും എമർജൻസി ലാംപുകൾ കൊണ്ടുവന്നും ടോർച്ച് അടിച്ചും മെഴുകുതിരി കത്തിച്ചുമെല്ലാമാണ് വാർഡിൽ വെളിച്ചമെത്തിച്ചത്.ചൂട് കാരണം കുഞ്ഞുങ്ങളും ഗർഭിണികളും അസ്വസ്ഥരാകുന്നത് കണ്ട് കൂട്ടിരിപ്പുകാർ പ്രകോപിതരാകുന്നതും കാണാമായിരുന്നു. ചൂടിനൊപ്പം കൊതുക് ശല്യവുമായതോടെ കടുത്ത രോഷമാണ് വാർഡിലുള്ളവർ പ്രകടിപ്പിച്ചത്.പ്രസവത്തിനായി പ്രവേശിപ്പിച്ചവരിൽ ഒരാളുടെ ബന്ധുക്കൾ പറഞ്ഞതനുസരിച്ച് കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ സിയാദ് തങ്ങൾ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി സംസാരിച്ചിരുന്നു. ആശുപത്രിയിൽ നടക്കുന്ന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അധികൃതർ പറഞ്ഞത്. പ്രവൃത്തി പൂർത്തിയാക്കി അഞ്ചു മണിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പോയെങ്കിലും അപ്പോഴും അമ്മയും കുഞ്ഞും ബ്ലോക്കിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നില്ല.ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൽ ഹൈടെൻഷൻ സബ് സ്റ്റേഷന്റെ ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഇടയ്ക്കിടെ വൈദ്യുതി ബന്ധം നിലക്കുന്നതെന്ന് സൂപ്രണ്ട് ഡോ. കെ.എം.ഷാജ് പറഞ്ഞു. വൈദ്യുതി കണക്‌ഷനുകൾ പൂർണമായും ഹൈടെൻഷൻ സബ് സ്റ്റേഷൻ വഴിയാക്കുന്നതോടെ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്:സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാലാണെന്ന് അധികൃതർ.
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.