തൃശൂർ ∙ പൊലീസിനെ വെട്ടിച്ച് 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസ് പ്രതി ആൽവിൻ നയിച്ചിരുന്നത് ആഡംബര ജീവിതം. ജീവിതത്തിൽ ഇന്നുവരെ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത ആൽവിൻ ലഹരി വിറ്റാണ് പണം കണ്ടെത്തിയത്. 17,000 രൂപയുടെ ഷൂസ് ആണു ധരിച്ചിരുന്നത്. 14 ലക്ഷം രൂപ വിലവരുന്ന കാറും ബൈക്കും സ്വന്തം പേരിലുണ്ടായിരുന്നു.
ബെംഗളൂരുവിലെ കോളജിൽ ഹോട്ടൽ മാനേജ്മെന്റിനു പഠിക്കുന്നു എന്നു നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നെങ്കിലും ചില സുഹൃത്തുക്കളുടെ മുറിയിൽ താമസിച്ചു ലഹരി വിൽപനയായിരുന്നു തൊഴിൽ. പഠിച്ചിരുന്ന സമയത്ത് അറിയപ്പെടുന്ന കബഡി താരമായിരുന്നു. തൃശൂരിലെ പ്രമുഖ സ്കൂളിൽനിന്നു പ്ലസ്ടു പൂർത്തിയാക്കാതെ പുറത്തിറങ്ങിയശേഷം മുഴുവൻ സമയ ലഹരി വിൽപനയിലേക്കു മാറി. ഓരോ മാസവും 7 ലക്ഷം രൂപ വരെ ആൽവിന്റെ അക്കൗണ്ടിൽനിന്നു കൈമാറ്റം ചെയ്യപ്പെട്ടിരുന്നതായാണു പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്.ലഹരിവിൽപന ഇടപാടുകളായിരുന്നു ഇതു മുഴുവനും. കാലിലെ വിലങ്ങ് എങ്ങനെ അറുത്തുമാറ്റിയെന്ന ചോദ്യത്തിനു ഹാക്സോ ബ്ലേഡ് കൊണ്ടു സ്വയം അറുത്തെന്ന മറുപടിയാണ് ആൽവിൻ ആദ്യം നൽകിയത്. എന്നാൽ, ബന്ധുക്കളെത്തി കട്ടർ കൊണ്ട് അറുത്തു മാറ്റുകയായിരുന്നെന്നു പൊലീസ് പിന്നീടു കണ്ടെത്തി. സാമ്പത്തികമായി മോശം അവസ്ഥയിലാണെന്ന് ആൽവിനും കുടുംബവും നാട്ടുകാരെ ബോധ്യപ്പെടുത്തിയിരുന്നു.സന്നദ്ധ സംഘടനയാണ് ഇവർക്ക് വീടു നിർമിച്ചു നൽകിയത്. ബെംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിൽ നിന്നു വിലങ്ങുമായി രക്ഷപ്പെട്ട ആൽവിനെ 3 സംസ്ഥാനങ്ങളിലൂടെ 9 ദിവസം പിന്തുടർന്നാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട ശേഷം ആൽവിൻ വിളിച്ചതനുസരിച്ചു മനക്കൊടിയിൽനിന്നു ബെംഗളൂരു വരെ കാറിലും ബൈക്കിലുമായെത്തിയ സഹോദരനും ബന്ധുവും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തി കേരളത്തിലെത്തിച്ചത്.പൊലീസ് പിടിക്കുമെന്നു കണ്ടു പൊന്നാനിയിലേക്കു കടന്ന ആൽവിൻ ട്രെയിൻ മാർഗം സംസ്ഥാനം വിടാൻ ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്. 70 ഗ്രാം രാസലഹരിയും 4 കിലോഗ്രാം കഞ്ചാവും വിറ്റ കേസിലാണ് ആൽവിനും പ്രായപൂർത്തിയാകാത്ത 3 സുഹൃത്തുക്കളും പിടിക്കപ്പെട്ടത്. ബെംഗളൂരുവിലെത്തിച്ച് 29നു തെളിവെടുപ്പു നടത്തിയ ശേഷം ഹൊസൂരിലെ ഹോട്ടലിലാണു പൊലീസ് സംഘം ആൽവിനുമായി രാത്രി തങ്ങിയത്.കാലിൽ വിലങ്ങണിയിച്ചു കട്ടിലിനോടു ബന്ധിച്ചിരുന്നു. 11 മണിയോടെ പൊലീസുകാർ ഉറക്കമായെന്നുറപ്പിച്ച ശേഷം ആൽവിൻ കട്ടിലിന്റെ കാൽ ശബ്ദമുണ്ടാക്കാതെ ഉയർത്തി വിലങ്ങ് പുറത്തെടുത്ത ശേഷം മൂന്നാം നിലയിൽനിന്നു പൈപ്പ് വഴി ഊർന്നിറങ്ങുകയായിരുന്നു. സമീപത്തെ കോളനിയിൽ ഒന്നരമണിക്കൂർ ഒളിച്ചിരുന്ന ശേഷം ഇതുവഴിയെത്തിയ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കെആർ പുരത്തെത്തി. അപകടത്തിൽപ്പെട്ടതാണെന്നും വീട്ടിലറിയിക്കാൻ സഹായിക്കണമെന്നും വിശ്വസിപ്പിച്ചു.വഴിയാത്രക്കാരന്റെ കയ്യിൽ നിന്നു ഫോൺ വാങ്ങി അമ്മയെയും സഹോദരനെയും വിളിച്ചു. സഹോദരൻ ആഞ്ജലോയും ബന്ധു സാവിയോയും ചേർന്ന് ഉടൻ ബൈക്കിലും കാറിലുമായി ബെംഗളൂരുവിലേക്കു പുറപ്പെടുകയായിരുന്നു. സാവിയോയുടെ സഹോദരൻ ഗോഡ്‌വിൻ ബെംഗളൂരുവിലുണ്ടായിരുന്നതിനാൽ ഇയാൾ വശം ആൽവിനു ചെലവിനു പണം എത്തിച്ചു. ഇവർ മൂന്നു പേരും ചേർന്നാണ് ആൽവിനെ തമിഴ്നാട് റജിസ്ട്രേഷൻ സ്പോർട്സ് ബൈക്കിൽ അതിവേഗം കേരളത്തിലെത്തിച്ചത്.മുറ്റിച്ചൂർ, തളിക്കുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പൊന്നാനിയിലെ രഹസ്യകേന്ദ്രത്തിലേക്കു മാറുമ്പോഴാണു പിടിക്കപ്പെട്ടത്. കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞ കേസ് ഹൊസൂർ പൊലീസാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു ഹൊസൂർ പൊലീസിനു കൈമാറും.ലഹരി കച്ചവടം: ആഡംബര ജീവിത സാഹചര്യം, ഒരുമാസം 7 ലക്ഷം രൂപവരെ ബാങ്ക് അക്കൗണ്ട് മുഖേന ഇടപാട് .
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.