ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിന്റെ പിഴവുകൾ കാരണം മത്സരം ഡൽഹിക്ക് ‘വാക്ക് ഓവർ’ ആയി മാറിയെന്ന് ശ്രീകാന്ത് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.‘‘രാജസ്ഥാന്റേത് വളരെ മോശം തീരുമാനങ്ങളാണ്. അവരുടെ സൂപ്പർ ഓവറിലെ ബാറ്റിങ് കോംബിനേഷൻ തെറ്റിപ്പോയി. സ്റ്റാർക്കിനെതിരെ അപകടകാരിയായ ഒരു ബാറ്റർ നിങ്ങളുടെ കയ്യിലുണ്ട്, എന്നാൽ ബുദ്ധിമുട്ടുന്ന ബാറ്റർമാരെയാണ് ഇറക്കിവിട്ടത്.’’– ക്രിസ് ശ്രീകാന്ത് വ്യക്തമാക്കി.
രാജസ്ഥാന്റെ തീരുമാനങ്ങൾ ഡൽഹിക്ക് വാക്ക് ഓവർ നൽകിയെന്നും ക്രിസ് ശ്രീകാന്ത് പരിഹസിച്ചു. സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസ് യശസ്വി ജയ്സ്വാളിനെയും നിതീഷ് റാണയെയും ബാറ്റിങ്ങിന് ഇറക്കണമെന്നാണ് ക്രിസ് ശ്രീകാന്തിന്റെ നിലപാട്. സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. നിശ്ചിത 20 ഓവറിൽ ഇരു ടീമുകളും 188 റൺസ് വീതം എടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീങ്ങുകയായിരുന്നു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി ഷിമ്രോൺ ഹെറ്റ്മിയറും റിയാൻ പരാഗുമാണു ബാറ്റിങ്ങിന് ഇറങ്ങിയത്. മിച്ചല്‍ സ്റ്റാർക്കിന്റെ അഞ്ചു പന്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് നേടിയത് 11 റൺസ്. രണ്ടു പന്തുകൾ നേരിട്ട പരാഗ് നാലു റൺസെടുത്തു റൺഔട്ടായി. തൊട്ടുപിന്നാലെയെത്തിയ ജയ്സ്വാളും റൺഔട്ടായി മടങ്ങി.12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്, ഡൽഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും കെ.എൽ. രാഹുലുമായിരുന്നു. സന്ദീപ് ശർമയെറിഞ്ഞ സൂപ്പർ ഓവറിലെ നാലാം പന്ത് സിക്സർ പറത്തി ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹിയുടെ വിജയ റൺസ് കുറിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.