ക്വറ്റ; പാക്കിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് ഒളിഞ്ഞിരുന്ന ബിഎൽഎ സായുധസംഘം ട്രെയിനിനടുത്ത് എത്തുകയും യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. സൈനികർക്കോ മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കോ പെട്ടെന്നു എത്തിച്ചേരാൻ പറ്റാത്ത സ്ഥലമാണിത്.കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിൻ റാഞ്ചൽ നടത്തിയിരിക്കുന്നതെന്നു ദൃശ്യങ്ങളിൽനിന്നു മനസ്സിലാക്കാം. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്ന് വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്പ്രസാണ് മഷ്കഫ് തുരങ്കത്തിൽ ആക്രമിക്കപ്പെട്ടത്.
ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.182 യാത്രക്കാരെ ബന്ദികളാക്കുകയും 20 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഇപ്പോഴും ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ബിഎൽഎ തടവുകാരെ മോചിപ്പിച്ചാൽ മാത്രമേ ബന്ദികളെ വിട്ടയക്കൂ എന്നതാണ് ബിഎൽഎയുടെ നിലപാട്.
ട്രെയിൻ റാഞ്ചലിന്റെ വിഡിയോയുടെ കൂടെ ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പായി മറ്റൊരു വിഡിയോയും ബിഎൽഎ പുറത്തുവിട്ടിട്ടുണ്ട്. ബലൂചിസ്ഥാൻ ബലൂചികളുടെ സ്വന്തമാണെന്നും അവിടെ അനധികൃതമായി കയറിയാൽ തിരിച്ചടിക്കുമെന്നാണ് വിഡിയോയിൽ പറയുന്നത്. ചൈന ശത്രുക്കൾക്കു വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നതെന്നും മരണം കാണേണ്ടെങ്കിൽ തിരിച്ചുപോകണം എന്നും വിഡിയോയിൽ പറയുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.