ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ആരോപിച്ച് ചില തൽപരകക്ഷികൾ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ക്ഷേത്ര വിശ്വാസികളുടെയും പാരമ്പര്യ അവകാശികളുടെയും യോഗം ആവശ്യപ്പെട്ടു.
കേരള നിയമസഭ പാസാക്കിയ നിയമങ്ങളെയും ദേവസ്വം ചട്ടങ്ങളെയും ലംഘിച്ച് ക്ഷേത്ര ഭരണസമിതി നടത്തിയ കഴകം നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ആരോപണങ്ങൾക്ക് കാരണം.2025 ഫെബ്രുവരി 24-ന് നടന്ന കഴകം നിയമനം ചട്ടവിരുദ്ധമായിരുന്നുവെന്നും ക്ഷേത്രത്തിൽ നിലനിൽക്കുന്ന കാരായ വ്യവസ്ഥയെ ലംഘിച്ചെന്നും യോഗം ആരോപിച്ചു. അഞ്ചുവർഷമായി കഴകം പ്രവർത്തി ചെയ്തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ട ഭരണസമിതിയുടെ നടപടിയെയാണ് തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തത്.
എന്നാൽ, തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന രീതിയിൽ കള്ളപ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലർ. ഹിന്ദു ഏകീകരണം ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും യോഗം കുറ്റപ്പെടുത്തി.
നിയമിക്കപ്പെട്ടയാൾ ഇന്ന ജാതിയിൽപ്പെട്ടയാളായതിനാൽ തന്ത്രിമാർക്ക് എതിർപ്പുണ്ടെന്ന രീതിയിൽ ചിലർ മാധ്യമങ്ങളിലൂടെ ബോധപൂർവം പ്രചാരണം നടത്തുന്നുണ്ട്. ഇത് വസ്തുതയല്ല. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രം, ശാന്തി തുടങ്ങി എല്ലാ അടിയന്തിരങ്ങളും ചില കുടുംബങ്ങൾ പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്നതാണ്. ഇത് ദേവസ്വം ചട്ടങ്ങളിൽ വ്യക്തതയോടെ പ്രതിപാദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഈ അവകാശത്തെ ബഹുമാനപ്പെട്ട സുപ്രീംകോടതിയും കേരള ഹൈക്കോടതിയും പലപ്പോഴും സംരക്ഷിച്ചിട്ടുണ്ട്.
നിരവധി ഹൈന്ദവ സമുദായങ്ങൾ ഒത്തുചേർന്നാണ് ഇവിടുത്തെ കാര്യങ്ങൾ നടത്തുന്നത്. ജാതീയമായ ഒരു വേർതിരിവും ഇവിടെയില്ല. കാരായ അവകാശം ഇല്ലാതാക്കി രാഷ്ട്രീയ ഇടപെടൽ നടത്തി നിയരനാവകാശം നേടിയെടുക്കാനുള്ള അധികാര വടംവലിയാണ് ഭരണസമിതിയിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുടെയും ഭക്തജനങ്ങളുടെയും ഒരു പ്രാരംഭ കൂടിയാലോചനായോഗം മാർച്ച് 9-ന് ഇരിങ്ങാലക്കുടയിൽ ചേർന്നു.
ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണവും മുൻനിർത്തി ആശയപ്രചാരണവും നിയമനടപടികളും സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വസ്തുതകൾ മനസ്സിലാക്കി ആചാര്യന്മാരും ഹൈന്ദവ സമുദായ സംഘടനകളും നീതിയുക്തമായ നിലപാട് സ്വീകരിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.