സനാ: യമനില്‍ ഹൂതികള്‍ക്കുനേരെ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അക്രമം നിര്‍ത്താനും അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികള്‍ക്കുമേല്‍ വരുത്തുമെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഹൂതികളുടെ പ്രതികരണം.'എല്ലാ ഹൂതി തീവ്രവാദികളോടുമായി പറയുകയാണ്, നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതല്‍ നിങ്ങളുടെ ആക്രമണം നിര്‍ത്തുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ നരകം നിങ്ങളുടെമേല്‍ പെയ്തിറങ്ങും' -ട്രംപ് സാമൂഹിക മാധ്യമംവഴി താക്കീതുനല്കി.അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതിനുശേഷം ജനുവരി മുതല്‍ ഹൂതികള്‍ക്കെതിരെയുള്ള നടപടി ആരംഭിച്ചിരുന്നു. യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെ ഏതാണ്ട് 24 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിനെതിരേ ഹൂതികള്‍ ആക്രമണം തുടങ്ങിവെച്ചതിന്റെ പശ്ചാതലത്തിലാണ് അമേരിക്കയുടെ തിരിച്ചടി. അതേസമയം ഇസ്രയേലിനെതിരെയുള്ള നീക്കത്തിന് മറുപടിയായാണ് തങ്ങളുടെ ചെയ്തികളെന്ന് ട്രംപ് പറയുന്നില്ല. മറിച്ച് ചെങ്കടല്‍ വഴിയുള്ള വ്യാപാരക്കപ്പലുകള്‍ക്കുമേല്‍ ഹൂതികള്‍ നടത്തുന്ന ആക്രമണം മുന്‍നിര്‍ത്തിയാണ് തിരിച്ചടി.
ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതത്തിന് ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ വാണിജ്യ കപ്പലുകളെ തടയാന്‍ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാന് ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീര്‍ച്ചയായും മറുപടി നല്‍കുമെന്ന് അല്‍ മസിറ ചാനലിലൂടെ ഹൂതികള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂതി കൂട്ടിച്ചേര്‍ത്തു.
ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടഞ്ഞ ഇസ്രയേലിന്റെ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇസ്രയേലി കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിട്ടില്ലെങ്കില്‍ സൈനികനടപടി സ്വീകരിക്കുമെന്ന് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.