മാങ്കുളം ;സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ മാങ്കുളം ആനക്കുളത്തിനു സമീപം വല്യപാറക്കുട്ടിയിൽ പുഴയോരത്ത് ഏറുമാടത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളായ കുട്ടികളെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ കുട്ടികളെ കമ്മിറ്റിയുടെ നിർദേശ പ്രകാരം ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു താൽക്കാലികമായി മാറ്റി. ആദിവാസി വിഭാഗത്തിൽപെട്ട കുട്ടികളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനത്തിനിടയിലാണു കണ്ടെത്തിയത്.തുടർന്നു മാങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദൻ, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി ചെയർമാൻ മനോജ് കുര്യൻ, ഗ്രാമപ്പഞ്ചായത്തംഗം സവിത റോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികൾ താമസിക്കുന്ന സ്ഥലത്തെത്തി അവരെ മാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി.
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജിന്റെ നേതൃത്വത്തിൽ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയൽ പബ്ലിക് ഹെൽത്ത് നേഴ്സ് ടി.പ്രിയാവതി എന്നിവരടങ്ങുന്ന സംഘം കുട്ടികളെ ചെങ്കുളത്തു പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
അടിമാലി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ വരുന്ന കുറത്തിക്കുടി സ്വദേശികളാണു കുട്ടികൾ. ഒന്നര മാസം മുൻപാണു കുട്ടികൾ പിതാവിനൊപ്പം വല്യപാറക്കുട്ടിയിൽ എത്തിയത്. കാട്ടാനകളുള്ള പ്രദേശത്തു പകൽ കുട്ടികൾ തനിച്ചാണ് ഏറുമാടത്തിൽ കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങളായി കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണു കുട്ടികളുടെ സംരക്ഷണം ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് ഏറ്റെടുത്തത്.കുട്ടികളുടെ തുടർസംരക്ഷണം, വിദ്യാഭ്യാസം, പുനരധിവാസം തുടങ്ങിയവ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ചു സ്വീകരിക്കുമെന്നു ജില്ലാ ശിശുസംരക്ഷണ ഓഫിസർ വി.ഐ.നിഷ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.