കുമരകം; മഴയിൽ കണ്ണീരണിഞ്ഞ് നെൽക്കർഷകർ. കഴിഞ്ഞ 2 ദിവസമായി പെയ്ത കനത്ത മഴയിൽ കൊയ്യാൻ കിടന്ന പാടങ്ങളിൽ വെള്ളം കെട്ടി നിൽക്കുകയാണ്. വൈദ്യുതി മുടക്കം കൂടിയായതോടെ കർഷകർക്കു വൻ തിരിച്ചടിയായി.
പടിഞ്ഞാറൻ മേഖലയിൽ മാത്രം കൊയ്യാറായ 2650 ഏക്കറിലാണു വെള്ളം കെട്ടി നിൽക്കുന്നത്. മഴയോടൊപ്പം വീശിയ കാറ്റിൽ ചുവട് ചാഞ്ഞു വീണ നെല്ല് നാശത്തിന്റെ വക്കിലായി. ചാഞ്ഞു കിടക്കുന്ന നെൽക്കതിരിനുമേൽ വെള്ളം കെട്ടി നിൽക്കുകയാണ്. വൈദ്യുതി മുടങ്ങിയതിനാൽ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ കഴിയുന്നില്ല. 22 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി.നെല്ല് 12 മണിക്കൂറിലേറെ വെള്ളത്തിൽ കിടന്നാൽ കിളിർപ്പിനു പാകമാകും. വൈദ്യുതി എത്തി പാടത്തെ വെള്ളം വറ്റിച്ചാലും ചാഞ്ഞു കിടക്കുന്ന കതിരിലെ നെന്മണികൾ കിളിർത്തു തുടങ്ങും. പാടശേഖരങ്ങളിൽ ഏതാണ്ട് ഒരു ദിവസത്തോളം വെള്ളം കെട്ടിനിന്നതിനാൽ വെള്ളം വറ്റിയാൽ തന്നെ ഉടൻ കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയില്ല. 2–3 ദിവസമെങ്കിലും പാടം ഉണങ്ങിയാൽ മാത്രമേ യന്ത്രം ഇറക്കി കൊയ്യാൻ കഴിയൂ. ഇതിനോടകം വീണു കിടക്കുന്ന നെല്ല് കിളിർത്തു പച്ചപ്പായി തുടങ്ങുമെന്നാണ് ആശങ്ക.
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ 1800 ഏക്കറുള്ള കാഞ്ഞിരം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് ഇനിയും 750 ഏക്കറിലെ നെല്ല് കൊയ്യാൻ കിടക്കുന്നു. ഈ മാസം 2ന് കൊയ്ത്ത് തുടങ്ങിയതാണ്. രണ്ടാമത്തെ വലിയ പാടശേഖരമായ തിരുവാർപ്പ്– കുമരകം പഞ്ചായത്തിൽ ഉൾപ്പെട്ട എംഎൻ ബ്ലോക്കിലെ കൊയ്ത്ത് ബാക്കി നിൽക്കുന്നു.
നാട്ടകം ഗ്രാവ്, കുമരകത്തെ തെക്കേ കിഴിമുട്ടത്തുശേരി, കുഴികണ്ടം, കണ്ണാടിച്ചാൽ, നാൽപതിൽ തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർ നെല്ല് കൊയ്തെടുക്കാൻ കഴിയാതെ വിഷമിക്കുകയാണ്. ഈ പാടശേഖരങ്ങളിൽ കൊയ്ത്തിന് യന്ത്രം എത്തിച്ചിരുന്നു. സംഭരണം വൈകിയത് കർഷകർക്ക് വൻ നഷ്ടം കൊയ്ത്ത് കഴിഞ്ഞു നെല്ല് സംഭരിക്കാൻ വൈകിയത് കർഷകർ വൻ നഷ്ടമായി. 1650 ഏക്കറിലെ നെല്ല് പാടത്ത് കിടപ്പുണ്ടായിരുന്നു.
പാടത്ത് കൊയ്തുകൂട്ടിയ നെല്ലിൻകൂനയുടെ അടിയിൽ വെള്ളം എത്തിയതോടെ ഇവ വാരി പുറംബണ്ടിലേക്കും മറ്റ് ഭാഗത്തേക്കും മാറ്റാൻ കർഷകർക്കു കൂലി ഇനത്തിൽ ഏക്കറിനു മൂവായിരത്തിലേറെ രൂപയായി. മഴ നനഞ്ഞു നെല്ലിനു ഉണ്ടാകുന്ന നഷ്ടം ഇതിനു പുറമേയാണ്. രണ്ടു ദിവസത്തെ മഴ മൂലം പടിഞ്ഞാറൻ മേഖലയിലെ കർഷകർക്കു 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പാടത്തുനിന്ന് പുറം ബണ്ടിലേക്കു മാറ്റാൻ കഴിയാതെയും നെല്ല് കിടപ്പുണ്ട്. നെല്ല് സംഭരണം ഇനിയും വൈകിയാൽ ഓരോ ദിവസവും നഷ്ടത്തിന്റെ കണക്ക് ഏറും. വൈദ്യുതി മുടങ്ങിയതിനാൽ നെല്ലിൻകൂനയ്ക്ക് അടിയിലെ വെള്ളം പമ്പ് ചെയ്തു കളയാനും കഴിയുന്നില്ല. സംഭരണം യഥാസമയം നടന്നിരുന്നെങ്കിൽ ഇപ്പോഴുണ്ടായ നഷ്ടം ഒഴിവാക്കാമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മില്ലുകാർ കിഴിവിനു വേണ്ടി കർഷകരെ സമ്മർദത്തിലാക്കി നെല്ല് സംഭരണം വൈകിക്കുകയായിരുന്നു.
തിരിഞ്ഞുനോക്കാതെ മില്ലുകാർ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ മില്ലുകാരുടെ നിസ്സഹകരണം തുടരുകയാണ്. പാടത്ത് കൊയ്തിട്ടിരിക്കുന്ന നെല്ല് വന്നു നോക്കി പോകുകയും പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാതിരിക്കുകയുമാണു മില്ലുകാർ. മഴയെ പേടിച്ചു കഴിയുന്ന കർഷകർ പാടത്തുവന്ന മില്ലുകാരെ അന്വേഷിച്ചു പിന്നാലെ പോകേണ്ടി വരുന്നു. പിന്നെ മില്ലുകാർ പറയുന്ന കിഴിവ് നൽകേണ്ട സ്ഥിതിയാകും.കുമരകം, തിരുവാർപ്പ് , അയ്മനം, ആർപ്പൂക്കര മേഖലയിലെ നെല്ലാണ് സംഭരിക്കാതെ ഇപ്പോഴും പാടത്തും പുറം ബണ്ടിലുമായി കിടക്കുന്നത്.
ഒരുമാസമായി നെല്ല് പാടത്ത് കിടക്കുന്ന ചെങ്ങളം മാടേകാടു പാടശേഖരത്തെ കർഷകർ ഇന്നലെ പാഡി ഓഫിസിനു മുന്നിൽ സമരം നടത്തി. അയ്മനം വികെവി പാടശേഖരത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞുറപ്പിച്ചത് 5 കിലോ കിഴിവായിരുന്നു. ഇന്നലെ രാവിലെ നെല്ല് സംഭരിക്കാൻ എത്തിയപ്പോൾ ഒരു കിലോ കിഴിവു കൂടി വേണമെന്നായി സംഭരിക്കാൻ വന്നവർ.
ഈ വർഷം വികെവി പാടത്ത് മണിരത്നം നെല്ലാണ് വിളഞ്ഞത്. കർഷകരും മില്ലുകാരും തമ്മിൽ വാക്ക് തർക്കമായി. ഒടുവിൽ നെല്ലിന്റെ ജലാംശം നോക്കി കിഴിവ് ആറോ അഞ്ചോ കിലോ എന്ന് നിശ്ചയിക്കാമെന്ന ഉറപ്പിൽ സംഭരണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.