തിരുവനന്തപുരം: സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്നും ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സവർക്കറെ പുകഴ്ത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവരുടെ സൗജന്യത്തിൽ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിൽനിന്ന് രക്ഷപ്പെട്ടുപോയ ഒരാളാണ് സവർക്കറെന്നും അദ്ദേഹം വിമർശിച്ചു.
ഗവർണർ നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിന് താൻ മറുപടി പറയില്ലെന്ന് നിങ്ങൾക്ക് അറിയില്ലേ എന്നായിരുന്നു പ്രതികരണം. അത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞാൽ അത് നാളത്തെ പത്രത്തിൽ വാർത്തയാക്കാൻ അല്ലേ എന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.
നേരത്തേ കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബോർഡിനെ വിമർശിച്ചായിരുന്നു, സവർക്കർ രാജ്യത്തിന്റെ ശത്രുവാണോയെന്ന് ഗവർണർ ചോദിച്ചത്. മുൻ ചാൻസലർ ആരിഫ് മുഹമ്മദ് ഖാനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 30-ന് പരീക്ഷാഭവനിന് സമീപം എസ്എഫ്ഐ സ്ഥാപിച്ച ബോർഡാണ് ആർലേക്കറെ ചൊടിപ്പിച്ചത്.
ഇതേക്കുറിച്ച് സംസാരിക്കാൻ കരുതിയതല്ലെന്നും ബോർഡ് കണ്ടതുകൊണ്ട് സംസാരിക്കേണ്ടി വന്നതാണെന്നും പറഞ്ഞുകൊണ്ടാണ് ആർലേക്കർ തുടങ്ങിയത്. ‘ഞങ്ങൾക്കാവശ്യം ചാൻസലറെയാണ്, സവർക്കറെയല്ല എന്ന് ബാനറിൽ എഴുതിയിരിക്കുന്നു. ഗവർണർ ഇതാ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്കെന്താണ് ചെയ്യേണ്ടത്? ഗവർണർ ചോദിച്ചു.
കഴിഞ്ഞദിവസം സർവകലാശാലയിലെ ബോർഡുകളും കൊടിതോരണങ്ങളും മാറ്റാൻ വി.സി. നിർദേശിച്ചിരുന്നെങ്കിലും എസ്എഫ്ഐക്കാർ തടഞ്ഞു. എന്നാൽ, ഗവർണറുടെ പരാമർശത്തിനുശേഷം ബോർഡ് അപ്രത്യക്ഷമായി. സർവകലാശാലാ അധികൃതരുടെ നിർദേശപ്രകാരം പോലീസ് എടുത്തുമാറ്റിയതാണെന്ന് എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.