പട്ടാമ്പി: പട്ടാമ്പി-പുലാമന്തോൾ പാതയിലെ അപകടഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി വീതികൂട്ടൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പൊതുമരാമത്ത് വകുപ്പിൻ്റെ മെയിൻ്റനൻസ് വിഭാഗമാണ് റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കുന്നത്.
മേലെ പട്ടാമ്പി ഹൈസ്കൂൾ ഭാഗം മുതൽ ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. റോഡിൻ്റെ ഉയരക്കുറവും വീതിക്കുറവും കാൽനടയാത്രക്കാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് അപകടസാധ്യത സൃഷ്ടിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. സ്കൂൾ അധികൃതർ മന്ത്രിയ്ക്കും എംഎൽഎയ്ക്കും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചത്.മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് സുരക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ തെക്കുമുറി വളവിലും ശങ്കരമംഗലം ആനവളവിലും റോഡിൻ്റെ അപകടഭീഷണി കുറയ്ക്കുന്നതിനായി വളവുകൾ നികത്തുകയും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.പുതുക്കിയ റോഡ് തുറന്നതിന് ശേഷം പട്ടാമ്പി-പുലാമന്തോൾ പാതയിൽ അപകടങ്ങൾ പതിവായി ആവർത്തിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. റോഡിൻ്റെ വീതിക്കുറവും അമിതവേഗതയും മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതും പ്രധാന പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ പാതയുടെ വിവിധ ഭാഗങ്ങളിൽ അഴുക്കുചാൽ നിർമ്മിച്ച് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പട്ടാമ്പി മുതൽ പുലാമന്തോൾ വരെയുള്ള പാത വീതികൂട്ടി നവീകരിക്കുന്നതിന് 11 കോടി രൂപയുടെ പദ്ധതികൾ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ പ്രവർത്തനം പൂർത്തിയാകുന്നതോടെ അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.