ന്യൂഡല്‍ഹി: മാധ്യമങ്ങളല്ല ആരെയും നേതാവും മുഖ്യമന്ത്രിയും ആക്കുന്നതെന്നും മാധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് മുഖ്യമന്ത്രിയാവാമെന്ന് ആരും ധരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമൊരുങ്ങാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഇന്ദിരാഭവനില്‍ വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന കേരള നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ പരാമര്‍ശം.ശശി തരൂരുമായി ബന്ധപ്പെട്ട് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണമെങ്കിലും എല്ലാവര്ക്കും ബാധകമെന്ന നിലയിയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തുന്നത് നേരിട്ട് നിരീക്ഷിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്കി. തിരഞ്ഞെടുപ്പ് വരെ ഒറ്റക്കെട്ടായി നീങ്ങാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും ഐകകണ്ഠേന തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.
കഴിഞ്ഞ കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനാഗ്രഹിക്കുന്നില്ലെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണ്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളിലേക്കാളും മികച്ച നേതൃത്വമാണ് സംസ്ഥാനത്തുള്ളത്. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിക്കണം. കേരളവുമായി തനിക്കും കുടുംബത്തിനും വൈകാരികമായ ബന്ധമാണുള്ളത്.
താന്‍ അഞ്ചു വര്‍ഷം അവിടെയുണ്ടായിരുന്നു. ജനങ്ങളുമായി നല്ല ബന്ധമാണുള്ളത്. അവിടത്തെ ജനങ്ങളുടെ വികാരത്തിനെതിരേ നേതാക്കള്‍ നില്‍ക്കരുത്. ആരെങ്കിലും വ്യക്തിപരമായി അതിര് ലംഘിക്കുന്നത് ജനവിരുദ്ധമാണ്. ആരുടെയെങ്കിലും വ്യക്തിപരമായ വീക്ഷണം അതിനാല്‍ മാധ്യമങ്ങളെ അറിയിക്കരുതെന്ന് രാഹുല്‍ പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേതാക്കള്‍ ഒറ്റക്കെട്ടോടെ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ അച്ചടക്കം ലംഘിക്കുന്നവര്‍ എത്ര ഉന്നതരായാലും കൃത്യമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിനെതിരേ ജനവികാരമുണ്ടെന്നും യു.ഡി.എഫിനെ അധികാരത്തിലേറ്റാന്‍ പ്രയത്നിക്കുമെന്നും തരൂരും പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജനവികാരം മാനിച്ചാവണം നേതാക്കള്‍ മുന്നോട്ടുപോകേണ്ടതെന്നുമുള്ള വികാരമാണ് യോഗത്തില്‍ സംസാരിച്ച എം.പി.മാരടക്കമുള്ള എല്ലാ നേതാക്കളും പങ്കുവെച്ചത്.
പ്രിയങ്ക ഗാന്ധി, വി.ഡി. സതീശന്, കെ. സുധാകരന്, രമേശ് ചെന്നിത്തല, വി.എം. സുധീരന്, പി.ജെ. കുര്യന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എം.എം. ഹസ്സന്, റോജി എം. ജോണ്‍, ടി.എന്‍. പ്രതാപന്, പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്, പി.കെ. ജയലക്ഷ്മി, എം.പി.മാരായ കൊടിക്കുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താന്, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്, ഹൈബി ഈഡന്, ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്, എം.കെ. രാഘവന്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും അസൗകര്യം അറിയിച്ചു.
ഏപ്രിലില്‍ വാര്‍ഡ് പ്രസിഡന്റുമാരുടെ യോഗം
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കമിട്ട് ഏപ്രിലില്‍ കേരളത്തില്‍ വാര്‍ഡ് പ്രസിഡന്റുമാരുടെ സമ്മേളനം വിളിക്കുമെന്ന് യോഗത്തിന് ശേഷം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ച്ചയായി മറ്റുപരിപാടികളും സംഘടിപ്പിക്കും.
മാധ്യമങ്ങള്‍ കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ ഐക്യമില്ല എന്ന് പ്രചരിപ്പിക്കുന്നു. ഇന്ന് യോഗത്തിനെത്തിയ നേതാക്കളെല്ലാം ബി.ജെ.പി.ക്കും എല്‍.ഡി.എഫിനുമെതിരേയാണ് സംസാരിച്ചതെന്നും മുന്‍ഷി പറഞ്ഞു. കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകനും ബി.ജെ.പി.ക്കും ഇടതുസര്‍ക്കാരിനും അനുകൂലമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ടുപോവുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്ത പ്രസ്താവന നടത്താന്‍ ഒരാള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നിരീക്ഷണമുണ്ടാവുമെന്ന് ഖാര്‍ഗെജിയും രാഹുല്‍ജിയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ഒരു വര്‍ഷക്കാലം എല്‍.ഡി.എഫ്. ദുര്‍ഭരണത്തിനെതിരേ നേതാക്കളെല്ലാവരും സമര്പ്പിതബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്താണ് യോഗം പിരിഞ്ഞതെന്നും വേണുഗോപാല്‍ പറഞ്ഞു. കേരളം ഐക്യജനാധിപത്യമുന്നണി തട്ടിയെടുക്കുമെന്ന് പ്രതിജ്ഞയെടുത്താണ് എല്ലാവരും പോകുന്നതെന്ന് കെ.സുധാകരനും പറഞ്ഞു.
പി.സി.സി.-ഡി.സി.സി. തലങ്ങളില്‍ മാറ്റമുണ്ടാവും
യോഗത്തില്‍ കേരളത്തിലെ നേതൃമാറ്റ വിഷയം ചര്‍ച്ചയായില്ലെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. എങ്കിലും പി.സി.സി. തലത്തിലും ഡി.സി.സി. തലത്തിലും ചിലമാറ്റങ്ങളുണ്ടാവുമെന്നും ആള്‍ക്കാരെ ഉള്‍പ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേതൃമാറ്റക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടും അവര്‍ ആവര്‍ത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.