തിരുവനന്തപുരം: കുട്ടികളിൽ വളർന്നുവരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാ പ്രശ്നങ്ങളും സിനിമയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'മക്കൾ എന്നു പറയുന്നത് കുടുംബത്തിന്റെ മാത്രം സ്വത്തല്ല. രാജ്യത്തിന്റേത് കൂടിയാണ്. ഞാൻ കാലങ്ങളായി പറയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞും മോശം വഴികളിലൂടെ കടന്ന് പോകരുത്. കുഞ്ഞുങ്ങളെ പൂർണതയിൽ എത്തിക്കേണ്ടത് രാജ്യത്തെ പ്രധാനമന്ത്രിയടക്കമുളള എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
കുട്ടികളെ ശരിയായ രീതിയിൽ വളർത്താൻ അച്ഛനും അമ്മയെയും കൂടാതെ മറ്റുളളവർക്കും സാധിക്കണം. രാഷ്ട്രീയ തലത്തിൽ പരിശോധിക്കുവാണെങ്കിൽ ഓരോ ബൂത്തും നിയന്ത്രിക്കുന്നതിന് ആളുകളുണ്ട്. അവർക്കും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.
സിനിമയ്ക്ക് ഇതിൽ പങ്കുണ്ടെന്ന് പറയുന്നവരുണ്ട്. ഇവയൊന്നും സിനിമയിൽ ഉത്ഭവിച്ചതാണെന്ന് പറയരുത്. ഒരുപാട് വിമർശിക്കപ്പെടുന്ന സിനിമ ഇടുക്കി ഗോൾഡാണ്. അങ്ങനെയൊരു അവസ്ഥ ഉണ്ടായതുകൊണ്ടാണല്ലോ ആ സിനിമ ഉണ്ടായത്.
അതിനെ മഹത്വവൽക്കരിച്ചതിന് പിന്നിൽ എന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് സിനിമ നിർമിച്ച കലാകാരൻമാരോട് ചോദിക്കണം. സിനിമയിലെ വയലൻസിൽ ഞാനും ഭാഗമായിട്ടുണ്ട്. ഇതൊന്നും ആനന്ദിക്കാൻ ചെയ്യുന്നതല്ല. പഠിക്കാനുളളതാണ്. മനസിലാക്കണം, സിനിമ കാണുക മാത്രമല്ല, മനസിലാക്കാനും ശ്രമിക്കണം'-അദ്ദേഹം വ്യക്തമാക്കി.
ദിവസങ്ങളായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തെക്കുറിച്ചും സുരേഷ്ഗോപി പ്രതികരിച്ചു. 'ആശാവർക്കർമാരുടെ പ്രശ്നത്തിൽ കേന്ദ്രത്തിന്റെ കൈകൾ പവിത്രമാണ്. അവർക്ക് അനുകമ്പയൊന്നും ആവശ്യമില്ല. പ്രതിപ്രവർത്തനമാണ് വേണ്ടത്. സമരക്കാരെ ഉടൻ സന്ദർശിക്കും'- സുരേഷ് ഗോപി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.