ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ അനുവദിച്ചത് ക്രമക്കേടിനാണെന്ന ആരോപണത്തിന്റെ വെളിച്ചത്തില്‍ പ്രശ്നപരിഹാരത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്.
വോട്ടര്‍മാര്‍ക്ക് മൂന്നുമാസത്തിനകം സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് ഉറപ്പാക്കുമെന്ന് കമ്മിഷന് വ്യക്തമാക്കി. ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ വിഷയം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.ഒരു പ്രത്യേക പോളിങ് സ്റ്റേഷന് പരിധിയിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വോട്ടര്‍ക്ക് ആ പോളിങ് സ്റ്റേഷനില്‍മാത്രമേ വോട്ടുചെയ്യാനാകൂവെന്ന് കമ്മിഷന് ആവര്‍ത്തിച്ചു.99 കോടിയിലേറെ രജിസ്ട്രേഡ് വോട്ടര്‍മാരുള്ള ഇന്ത്യയിലെ വോട്ടര്‍പ്പട്ടികയാണ് ആഗോളതലത്തിലെ ഏറ്റവുംവലിയ ഇലക്ടറല്‍ ഡേറ്റാബേസ്. വോട്ടര്‍പ്പട്ടിക പുതുക്കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ നടത്താറുണ്ട്.തിരഞ്ഞെടുപ്പ് നടക്കാന്‍പോകുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ഒരിക്കല്‍ക്കൂടി വോട്ടര്‍പ്പട്ടിക പുതുക്കല്‍ പ്രക്രിയ ഉണ്ടാകും. ഇതിനായി ഓരോ ബൂത്തിലും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ നിയമിക്കുന്ന ബൂത്തുതല ഓഫീസറുണ്ടാകും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ബൂത്തുതല ഏജന്റുണ്ടാകും. ക്രമക്കേടുണ്ടെങ്കില്‍ പരാതി ബോധിപ്പിക്കാം. ബൂത്ത്തല ഓഫീസര്‍ വീടുവീടാന്തരം സന്ദര്‍ശിച്ച് ഫീല്‍ഡ് പരിശോധനനടത്തി ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കണം.
കമ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍പ്പട്ടികയില്‍ പരാതികള്‍ ബോധിപ്പിക്കാന്‍ ഒരുമാസത്തെ സമയമനുവദിക്കും. പരാതിയുള്ള ഏതുവ്യക്തിക്കും ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ്/കളക്ടര്‍/എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ജനപ്രാതിനിധ്യനിയമത്തിലെ 24(എ) വകുപ്പുപ്രകാരം നേരിട്ട് അപ്പീല്‍നല്‍കാം. ഈ അപ്പീലിന്മേലുള്ള തീര്‍പ്പില്‍ തൃപ്തിയില്ലെങ്കില്‍ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍നല്‍കാന്‍ ജനപ്രാതിനിധ്യനിയമത്തിലെ 24(ബി) വകുപ്പ് അനുവദിക്കുന്നു.
അതിനാല്‍ വോട്ടിങ് തിരിമറിക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കിയെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കമ്മിഷന് പറയുന്നു.ഒരേ തിരിച്ചറിയല്‍ നമ്പര്‍ കണ്ടെത്തിയ നൂറിലധികം വോട്ടര്‍മാരുടെ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാവരും ശരിയായ വോട്ടര്‍മാരാണെന്ന് ബോധ്യപ്പെട്ടു.
തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകള്‍ക്കായി 2000-ലാണ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സീരീസുകള്‍ അനുവദിച്ചത്. എന്നാല്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ തെറ്റായ സീരീസ് നമ്പറുകള്‍ ഉപയോഗിച്ചതിനാലാണ് ഒരേ നമ്പറുകള്‍ വിവിധ സംസ്ഥാനങ്ങളില്‍വന്നത്. ഇത് കണ്ടുപിടിക്കാനാവാത്തത് സംസ്ഥാനങ്ങളില്‍ പ്രത്യേകം ഇലക്ടറല്‍ ഡേറ്റാബേസ് തയ്യാറാക്കുന്നതിനാലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.