തിരുവനന്തപുരം: ജല ജീവൻ മിഷനായി പണിയേറ്റെടുത്ത 700 കരാറുകാർക്ക് നൽകാനുള്ളത് 4500 കോടി രൂപ.ബാങ്ക് വായ്പയെടുത്ത് കരാറേറ്റെടുത്ത ഇവർ ജപ്തി ഭീഷണിയിലാണ്. സാമ്പത്തിക വർഷാവസാനമായ മാർച്ച് 31ന് മുമ്പ് വായ്‌പയടച്ചില്ലെങ്കിൽ ജപ്തി നേരിടേണ്ടിവരുമെന്ന പേടിയിലാണ് കരാറുകാർ.
പദ്ധതിച്ചെലവിന്റെ 45 ശതമാനം കേന്ദ്രവും, 30 ശതമാനം സംസ്ഥാനവും, 15 ശതമാനം തദ്ദേശ സ്ഥാപങ്ങളും വഹിക്കണമെന്നായിരുന്നു ആദ്യഘട്ടത്തിലെ ധാരണ. ഗുണഭോക്തൃ വിഹിതമായിരുന്നു 10 ശതമാനം. പിന്നീട് കേന്ദ്ര-സംസ്ഥാന വിഹിതം 50 ശതമാനം വീതമാക്കി.
ആദ്യ വിഹിതമായി സംസ്ഥാനം 1500 കോടി നിക്ഷേപിച്ചിരുന്നു. കേന്ദ്രവും 1500 കോടി നൽകി. തുടർന്നാണ് പദ്ധതി തുടങ്ങിയത്. ബിൽ നൽകിയാൽ മൂന്നാം ദിവസം കരാറുകാരനു പണവും ലഭിച്ചിരുന്നു. ഈ 3000 കോടി തീർന്നതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.
ഇതോടെ 44,715 കോടിയുടെ പ്രവൃത്തികൾ പാതിവഴിയിലായി. ഇത് പൂർത്തിയാക്കാൻ സംസ്ഥാനം 22,500 കോടി മുടക്കണം. അടുത്തകാലത്തൊന്നും ഇത്രയും തുക മുടക്കാൻ വാട്ടർ അതോറിട്ടിക്കോ സർക്കാരിനോ കഴിയില്ല. പണി പൂർത്തിയാക്കി യൂട്ടിലിറ്റിസർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ കേന്ദ്രം ബാക്കി തുക നൽകുകയുമില്ല. കരാറുകാർ പിന്നീട് നടത്തിയ പ്രവൃത്തികളുടെ ബിൽ വരാനിരിക്കുതേയുള്ളൂ. അതിന്റെ പണം വാങ്ങിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കരാറുകാർ.
44,715 കോടിയുടെ ജലജീവൻ
ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ശുദ്ധജലം നൽകാനുള്ള പദ്ധതി
പാതിവഴിയിലായ പ്രവൃത്തിയുടെ ചെലവ്- 44,715 കോടി
ലക്ഷ്യമിട്ട കണക്ഷൻ- 54.5 ലക്ഷം
ഇതുവരെ പൂർത്തിയായത്-35 %
പൈപ്പിട്ട വീടുകൾ- 19.09 ലക്ഷം
ഇവയിൽ വെള്ളം കിട്ടാത്തവ- 5.65 ലക്ഷം
ആദ്യഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ നൽകിയത്- 3000 കോടി
'സർക്കാരുമായി ഭരണഘടനാധിഷ്ഠിത കരാറുകളിലേർപ്പെട്ടവർ കടക്കെണിയിലായത് ഗൗരവത്തോടെ കാണണം. അവരെ രക്ഷിക്കണം".
- നജീബ് മണ്ണേൽ,
ചെയർമാൻ, കേരള ഗവ. കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.