തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിനെതിരെ എല്ലാവരും വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. വഖഫ് നിയമ ഭേദഗതി ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്നും അദ്ദേഹം തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ പറഞ്ഞു.
വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുര്‍ആനിലുണ്ട്. കേന്ദ്ര-സംസ്ഥാന വഖഫ് ബോര്‍ഡുകളിലും വഖഫ് ട്രൈബ്യൂണലുകളിലും അമുസ്ലീം അംഗങ്ങളുണ്ടാകണമെന്ന ചട്ടം പുതിയ ബില്ലിലുണ്ട്. നിലവിലെ വഖഫ് നിയമം ആരെയും ദ്രോഹിക്കുന്നതല്ലെന്നും നിയമ ഭേദഗതിയെ എല്ലാവരും ഒന്നിച്ച് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടിയല്ല വഖഫ് ചെയ്യുന്നത്.
ദാനം ചെയ്‌ത വസ്‌തുക്കളാണ് മസ്‌ജിദുകളും യത്തീം ഖാനകളുമെല്ലാം. വഖഫുകൾ അല്ലാഹുവിൻ്റെ ധനമാണ്. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം ഉള്ളതെന്ന് വി പി സുഹൈബ് പറഞ്ഞു.
വഖഫിൻ്റെ താത്പര്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ ബില്ലിലുണ്ട്. ബില്‍ പാസായാല്‍ അത് വഖഫില്‍ മാറി വരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലിന് കാരണമാകും. മതസ്വാതന്ത്ര്യത്തിന് എതിരാണ് ബില്ല്. എല്ലാ ജനവിഭാഗങ്ങള്‍ക്കും സാമ്പത്തികവും മതപരവുമായ അവകാശങ്ങള്‍ നിലനിര്‍ത്താനാകണമെന്നും വി പി ഷുഹൈബ് മൗലവി പറഞ്ഞു.
സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെയും പാളയം ഇമാം സംസാരിച്ചു. ലഹരിക്കെതിരായ സർക്കാരിൻ്റെ പോരാട്ടത്തിൽ ഇസ്ലാം മതവിശ്വാസികൾ സഹകരിക്കണം. ലഹരിയിലേക്കും മയക്കുമരുന്നിലേക്കും മനുഷ്യനെ നയിക്കുന്നത് ഭോഗാസക്തിയാണ്. അല്‍പമാണെങ്കിലും കൂടുതലാണെങ്കിലും ലഹരി ഉപയോഗിക്കുന്നത് തെറ്റാണ്.
റമദാനില്‍ നിന്നാണ് വിമുക്തരായതെന്നും അത് ഭോഗാസക്തിയെ നിയന്ത്രിക്കാനുള്ള മാസം കൂടിയായിരുന്നുവെന്ന് എന്ന് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പലസ്‌തീൻ ജനതയ്‌ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പാളയം ഇമാം ഈദ്‌ഗാഹില്‍ ആഹ്വാനം ചെയ്‌തു. പലസ്‌തീനിലെ ഉമ്മമാരും കുഞ്ഞുങ്ങളും കരയുന്നത് നമ്മൾ നിരന്തരം കാണുകയാണ്. പലസ്‌തീൻ ജനതയുടെ രോദനമാണത്. അവരോട് ഐക്യപ്പെടാമെന്നും അവർക്ക് വേണ്ടി പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു യുദ്ധവും ഒരു സമൂഹത്തിനും ഒരു നന്മയും നൽകിയിട്ടില്ല. അനാഥരെയും വിധവകളെയും ദരിദ്രരെയും ആണ് അത് ലോകത്തിൽ സമ്മാനിച്ചിട്ടുള്ളത്. ഇസ്രയേൽ വീണ്ടും ഒരു യുദ്ധത്തിലേക്ക് എടുത്തുചാടി. യുദ്ധം അവസാനിക്കണം.
അത് ഏതെങ്കിലും ഒരു ജനവിഭാഗത്തിന്‍റെ മാത്രം അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങളില്ലാത്ത ആയുധങ്ങളുടെ ശബ്‌ദം കേൾക്കാനാകാത്ത ലോകം ഉണ്ടാകട്ടെ. കൗമാര യൗവനങ്ങളില്‍ അക്രമാവാസന വ്യാപകമാകുന്നുവെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.