മലപ്പുറം: മലപ്പുറം കോടൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്.
മലപ്പുറം മാണൂർ സ്വദേശി അബ്ദുൾ ലത്തീഫ് ആണ് മരിച്ചത്. മർദനത്തിൽ പരിക്കേറ്റ അബ്ദുൾ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് അബ്ദുള് ലത്തീഫിൻ്റെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
മർദനമേറ്റ് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും റിപ്പോർട്ടിലുണ്ട്. പ്രതികൾക്കെതിരെ നരഹത്യവകുപ്പ് പ്രകാരം പൊലീസ് കേസെടുക്കും. രാവിലെ 10ന് മലപ്പുറം വടക്കേമണ്ണയിൽ വെച്ചാണ് അബ്ദുൾ ലത്തീഫിൻ മർദനമേറ്റത്.
തിരൂർ മഞ്ചേരി റൂട്ടിൽ ഓടുന്ന പിടിബി ബസിലെ ജീവനക്കാരാണ് അബ്ദുള്ള ലത്തീഫിനെ ക്രൂരമർദനത്തിന് ഇരയാക്കിയത്. സ്ഥലത്തെ ബസ് സ്റ്റോപ്പിൽ നിന്ന് രണ്ട് യാത്രക്കാരെ ഓട്ടോറിക്ഷയിൽ കയറ്റിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
ഓട്ടോറിക്ഷക്ക് കുറുകെ ബസ് ഇട്ടശേഷം ജീവനക്കാർ ഇറങ്ങിവന്ന് ലത്തീഫിനെ മർദിക്കുകയായിരുന്നു. ബസ് ജീവനക്കാരായ സിജു, നിഷാദ്, സുജീഷ് എന്നിവർ പോലീസിൻ്റെ കസ്റ്റഡിയിലാണ്. അബ്ദുൾ ലത്തീഫിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്വകാര്യ ബസുകൾ തടയുകയും പ്രകടനം നടത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.