മുംബൈ: രാജ്യത്തെ വമ്പൻ മയക്കുമരുന്ന് മാഫിയയെ പൂട്ടി നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി). നവി മുംബൈ സ്വദേശിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്ലഹരിസംഘത്തെയാണ് മുംബൈ എന്‍.സി.ബി. പൂട്ടിയത്.
സംഘവുമായി ബന്ധപ്പെട്ട ആറുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഏകദേശം 1,128 കോടി രൂപയുടെ മയക്കുമരുന്ന് കച്ചവടം ഇവര്‍ നടത്തിയതായാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്.നവിമുംബൈ സ്വദേശിയും നിലവില്‍ വിദേശത്ത് താമസക്കാരനുമായ നവീന്‍ ഛിച്ച്കാര്‍ എന്നയാളാണ് മയക്കുമരുന്ന് മാഫിയയുടെ തലവന്‍. സംഘത്തിലുള്ളവരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. പ്രധാനിയായ നവീന്‍ ക്രിമിനല്‍ സൈക്കോളജിയും ലണ്ടനില്‍നിന്ന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ആളാണ്. അതേസമയം, ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. യു.എസില്‍നിന്ന് എയര്‍ കാര്‍ഗോ വഴി മുംബൈയിലെത്തിക്കുന്ന മയക്കുമരുന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വിറ്റിരുന്നു. ഇതിനുപുറമേ ഓസ്ട്രേലിയയിലും സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായവരില്‍ മൂന്നുപേര്‍ വിദേശത്ത് പഠിച്ചവരാണെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈ വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നതായി എന്‍.സി.ബി. നടത്തിയ നിരീക്ഷണത്തില്‍ ജനുവരി ഒന്നാം തീയതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് സംഘം ഏകദേശം 90 കിലോ കൊക്കെയ്നും 60 കിലോ ഹൈബ്രിഡ് കഞ്ചാവും വില്‍പ്പന നടത്തിയതായി സ്ഥിരീകരിച്ചത്.
പിന്നാലെ ഹവാല ഇടപാടുകാരനായ എച്ച്. പട്ടേല്‍, എച്ച്. മാനേ എന്നിവരെ നവി മുംബൈയില്‍നിന്ന് പിടികൂടി. മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണമാണ് ഹവാല ഇടപാടിനായി ഇരുവരും ഉപയോഗിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ പരിശോധനയില്‍ പ്രതികളില്‍നിന്ന് 11.54 കിലോ കൊക്കെയ്നും 4.9 കിലോ ഹൈബ്രിഡ് കഞ്ചാവും 1.60 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.