കൊച്ചി: ഹിന്ദു ഐക്യവേദിയുടെ ആസ്ഥാന മന്ദിരത്തിന് അയ്യങ്കാളിയുടെ പേരിടാനുള്ള തീരുമാനം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.
അയ്യങ്കാളി കേവലം സമുദായ നേതാവല്ല, ഹൈന്ദവരുടെ മുഴുവന്‍ നേതാവാണ് എന്ന് ഹിന്ദു ഐക്യവേദി പറയുമ്പോള്‍ കീഴാളരെ ഹിന്ദുത്വത്തിന് അടിപ്പെടുത്താനുള്ള നീക്കമാണ് ഇതെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം.''അയ്യങ്കാളിയെപ്പോലെ മതംമാറ്റത്തെ ഇത്ര ശക്തമായി എതിര്‍ത്ത വേറൊരാളുണ്ടോ? മതംമാറ്റത്തിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ശ്രീമൂലം പ്രചാര സഭയില്‍ പ്രമേയം കൊണ്ടുവന്ന ആളാണ് അദ്ദേഹം. അയ്യങ്കാളിയെ ഒരു സമുദായ നേതാവായി മാത്രമാണ് കേരളം കാണുന്നത്.
അദ്ദേഹം മുഴുവന്‍ ഹൈന്ദവ സമുദായത്തിന്റേയും നേതാവാണ്.'' -ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര് വി ബാബു പറഞ്ഞു. തിരുവനന്തപുരത്ത് വരാനിരിക്കുന്ന ഹിന്ദു ഐക്യവേദിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് അയ്യങ്കാളി ഭവന് എന്ന് നാമകരണം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പിണറായി സര്‍ക്കാര്‍ അടുത്ത കാലത്ത് തിരുവനന്തപുരം വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്കി. ഹിന്ദു ഐക്യവേദി 2012ല്‍ മുതല്‍ വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെടുകയും അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഹിന്ദു അവകാശ പത്രിക സമര്‍പ്പിച്ചപ്പോള്‍ വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തതാണ്.അന്ന് പക്ഷേ, സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പേര് മാറ്റാവുന്ന കാര്യമല്ലെന്നായിരുന്നു മറുപടി''- ബാബു പറയുന്നു. ഹൈന്ദവ ഐക്യത്തിന് നേതൃത്വം കൊടുത്തയാളെന്ന നിലയിലാണ് നിര്‍ദിഷ്ട ആസ്ഥാന മന്ദിരത്തിന് അയ്യങ്കാളിയുടെ പേര് നല്‍കിയതെന്ന് ബാബു പറഞ്ഞു.
'മഹാത്മാ അയ്യങ്കാളി കേരളത്തിന്റെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഹിന്ദു സമാജത്തിന്റെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്കരികര്ത്താവാണ്. അദ്ദേഹം ജാതിയുടെ പേരില്‍ വലിയ തോതിലുള്ള വിവേചനങ്ങള്‍ അനുഭവിച്ചിരുന്ന കാലത്തും ഹിന്ദു ധര്മത്തില് അടിയുറച്ചു നിന്നുകൊണ്ടായിരുന്നു പ്രവര്‍ത്തനം. മാത്രമല്ല, ഹൈന്ദവ ഐക്യം എന്നതായിരുന്നു പ്രധാനം. ജാതിയുടെ പേരിലുള്ള വിഭജനമോ വിദ്വേഷമോ ഉണ്ടാക്കാനോ അല്ല അദ്ദേഹം ശ്രമിച്ചത്.
പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴൊക്കെ അത്തരം ആളുകളെ ചേര്‍ത്ത് നിര്‍ത്തി പരിഹാരമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പെരുനാട്ട് സമ്മേളനമൊക്കെ അതിന് ഉദാഹരണമാണ്. മതംമാറ്റത്തെ ഇത്ര ശക്തമായി എതിര്‍ത്ത വേറൊരാളെ കാണാന്‍ കഴിയില്ല. അതിന് വേണ്ടി ശ്രീമൂലം പ്രചാര സഭയില്‍ പ്രമേയം കൊണ്ടുവരികയും ചെയ്തൊരാളാണ്. എന്നാല്‍ കേരളത്തില്‍ അയ്യങ്കാളിക്ക് വേണ്ട പ്രധാന്യം കിട്ടിയിട്ടില്ലെന്നും ആര് വി ബാബു പറഞ്ഞു.കേരളത്തിലെ അധഃസ്ഥിത പിന്നാക്ക ജനതയെ ചേര്‍ത്ത് പിടിക്കുകയാണ് ഈ നാമകരണത്തിലൂടെ ഹിന്ദു ഐക്യവേദി ചെയ്തിരിക്കുന്നതെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പ്രതികരിച്ചു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡല്‍ഹിയില്‍ അയ്യങ്കാളി സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ദേശീയ പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ അയ്യങ്കാളിക്ക് പരിഗണന കൊടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ചരിത്രകാരന്മാരും മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകളുമാണ് വേണ്ടത്ര പരിഗണന നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കീഴാളരാക്കപ്പെട്ട ജനവിഭാഗത്തെ ഹിന്ദുത്വത്തിന് അടിമപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോഴുള്ള നീക്കമെന്ന് സാമൂഹിക ചിന്തകന്‍ ഡോ. ടി എസ് ശ്യാം കുമാര്‍ പറയുന്നു. മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടങ്ങളെയെല്ലാം തമസ്കരിക്കുന്നതിന് വേണ്ടിയും സനാതന ധര്‍മത്തിന്റെ വക്താവായി ചുരുക്കി താഴ്ത്തിക്കെട്ടുന്നതിന് വേണ്ടിയുമാണ് പേര് മാറ്റം. യഥാര്‍ഥത്തില്‍ അവര്‍ അതില്‍ നിന്ന് പിന്തിരിയുകയാണ് വേണ്ടത്.ഇതിനെതിരെ വലിയ പോരാട്ടം തന്നെ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ ചരിത്രപരമായ സങ്കേതങ്ങള്‍, ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ എന്നിവ ബ്രാഹ്മണരുടെ കൈകളിലേയ്ക്ക് പോയ ചരിത്രമാണുള്ളത്. മഹാത്മാ അയ്യങ്കാളി മുന്നോട്ടുവെച്ച ചിന്തകളേയും പ്രവര്‍ത്തനങ്ങളെയും തമസ്കരിക്കാന്‍ വേണ്ടിയാണ് ഇവരിപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ ആസ്ഥാന മന്ദിരത്തിന് ഇങ്ങനെയൊരു പേര് നല്‍കിയത്.
വര്‍ണാശ്രമ ധര്‍മത്തിനെതിരായി ബുദ്ധനെങ്ങനെയാണോ വിപ്ലവകരമായി പ്രവര്‍ത്തിച്ചത് അപ്പോള്‍ ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കി ബ്രാഹ്മണ്യം മാറ്റി. എന്നിട്ട് ബുദ്ധന്റെ വിപ്ലവ വീര്യങ്ങളെ മുഴുവന്‍ ഇല്ലാതാക്കി. അതുപോലെയാണ് ഇതും, ടി എസ് ശ്യാംകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ഐക്യവേദിയുടെ തിരുവനന്തപുരത്ത് ഉയരുന്ന ആസ്ഥാന മന്ദിരത്തിന്റെ പേര് അയ്യങ്കാളി ഭവന് എന്ന് പ്രഖ്യാപിച്ചത്. ഇതുവരെ സ്വന്തമായി ആസ്ഥാനമന്ദിരം ഇല്ലാതിരുന്ന ഹിന്ദു ഐക്യവേദിക്ക് ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ നിന്നും മാറി 50 മീറ്റര്‍ മാറി പുതിയ ആസ്ഥാന മന്ദിരം വരുന്നത്.
മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ് ഹാളില്‍ നടന്ന നിര്‍മാണ സമിതി യോഗത്തിലാണ് ആസ്ഥാന മന്ദിരത്തിന്റ പേര് പ്രഖ്യാപിച്ചത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ് സേതുമാധവന് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ടി പി സെന്‍കുമാര്‍ അധ്യക്ഷനായി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്, മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചര്‍, പ്രസിഡന്റ് ആര് വി ബാബു, വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി എന്നിവര്‍ രൂപീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.