ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ്.
39 റണ്‍സോടെ അലക്സ് ക്യാരിയും ഒരു റണ്ണുമായി ബെന്‍ ഡ്വാർഷൂയിസും ക്രീസില്‍. ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയെ(0) നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും തുടക്കത്തില്‍ മുഹമ്മദ് ഷമി വിട്ടു കളഞ്ഞ ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തി. പവര്‍ പ്ലേ തീരുന്നതിന് തൊട്ടുമുമ്പ് ഭീഷണിയായി ക്രീസില്‍ നിലയുറപ്പിച്ച ട്രാവിസ് ഹെഡിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി 39 റണ്‍സടിച്ച ഹെഡിനെ ചക്രവര്‍ത്തിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് ഭാഗ്യത്തിന്റെ പിന്തുണയോടെ ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് ഓസീസിനെ 100 കടത്തി.മൂന്ന് തവണയാണ് സ്മിത്തിനെ ഭാഗ്യം തുണച്ചത്. പതിനാലാം ഓവറിലെ അഞ്ചാം പന്തില്‍ റണ്‍ ഔട്ടില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സ്മിത്ത്, അക്സര്‍ പട്ടേലിന്റെ തൊട്ടടുത്ത പന്ത് ബാറ്റില്‍ തട്ടി ഉരുണ്ട് വന്ന് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയ്ല്‍സ് വീഴാത്തതിനാല്‍ രക്ഷപ്പെട്ടു. മൂന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയ സ്മിത്തും ലാബുഷെയ്നും ചേര്‍ന്ന് 20ാം ഓവറില്‍ ഓസീസിനെ 100 കടത്തി.
22-ാം ഓവറില്‍ സ്മിത്ത് നല്കിയ റിട്ടേണ്‍ ക്യാച്ച് മുഹമ്മദ് ഷമിക്ക് കൈയിലൊതുക്കാനായില്ല. പിന്നാലെ 36 പന്തില്‍ 29 റണ്‍സെടുത്ത ലാബുഷെയ്നിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജഡേജ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 68 പന്തില്‍ സ്മിത്ത് അര്‍ധസെഞ്ചറി തികച്ചു. ജോഷ് ഇംഗ്ളിസ് തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ഇംഗ്ലിസിനെ വീഴ്ത്തിയ ജഡേജ വീണ്ടും ഓസീസിന് തളര്‍ത്തിയെങ്കിലും അലക്സ് ക്യാരി-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് അവരെ 200ന് അടുത്തെത്തിച്ചു. മൂന്ന് തവണ ഭാഗ്യം തുണച്ച സ്മിത്തിനെ ഒടുവില്‍ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി.96 പന്തില്‍ 73 റണ്‍സടിച്ച സ്മിത്ത് നാലു ബൗണ്ടറിയും ഒരു സിക്സും ഫറത്തി. പിന്നാലെ അക്സര്‍ പട്ടേലിനെ സിക്സടിച്ച് ഓസീസിനെ 200 കടത്തിയ ഗ്ലെൻ മാക്സ്വെല്ലിനെ അക്സര്‍ അടുത്ത പന്തില്‍ ബൗള്‍ഡാക്കി. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും മൊഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം എടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും അക്സറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.