ആശാവർക്കർമാരുടെ സമരത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പിഐയും എസ്.യു.സി.ഐയും;എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച നേതാക്കളെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സമരം ചെയ്യുന്ന ഒരാളേയും പരിഹസിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന നിലപാട് സി.പി.എമ്മിന്റേതല്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. തൊഴിലാഴിവര്‍ഗ പോരാട്ടങ്ങളും സമരങ്ങളും ഏറ്റക്കുറച്ചിലുകളോടുകൂടി ലോകത്ത് എമ്പാടും നടക്കുന്ന വര്‍ഗസമരത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ അധിക്ഷേപിക്കുന്ന നിലപാടുമായി സി.ഐ.ടി.യു. നേതാക്കളായ എളമരം കരീമും കെ.എന്‍. ഗോപിനാഥും നേരത്തെ രംഗത്തെത്തിയിരുന്നു.

സമരത്തെയോ ആശാ വര്‍ക്കര്‍മാരേയോ അല്ല എതിര്‍ക്കുന്നത്. വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന വിഭാഗങ്ങളുടെ നേതൃത്വപരമായ പങ്കോടുകൂടി സമരം നടത്തുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പിഐയും എസ്.യു.സി.ഐയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സി.പി.എം. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടും നയങ്ങളും മുദ്രാവാക്യങ്ങളും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഭാഗമായി നടപ്പാക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതാണ് പരിമിതി. പാര്‍ട്ടി അംഗീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ മുഴുവന്‍ നടപ്പാക്കാന്‍ ഉതകുന്ന ഒന്നല്ല എല്‍.ഡി.എഫ്. സര്‍ക്കാര്‍ എന്ന കൃത്യമായ ധാരണ സി.പി.എമ്മിനുണ്ട്. ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ അതേപോലെ നടപ്പാക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ സര്‍ക്കാര്‍ എന്ന തെറ്റിദ്ധാരണ എന്തിനാണ് ഉണ്ടാക്കുന്നത്?', അദ്ദേഹം ചോദിച്ചു.

75 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാക്കും. അക്കാര്യത്തില്‍ ഒരാള്‍ക്കും ഇളവുണ്ടാവില്ല. മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതാണ്. അത് ഇവിടെ തീരുമാനിക്കേണ്ടതില്ല. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'മൂര്‍ത്തമല്ലാത്ത രീതിയില്‍ ചോദ്യംചോദിക്കുക, അതിന് മൂര്‍ത്തമല്ലാത്ത രീതിയില്‍ ഉത്തരം പറയേണ്ട കാര്യമെന്താണ്. തെറ്റ് ചോദിക്കുക, തെറ്റ് ഉത്തരം പറയുക, അതിന് ഞാനില്ല', പിണറായി വിജയന് ഇളവുനല്‍കുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം ഉണ്ടാവുമോയെന്ന ചോദ്യത്തോട് പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചു.

'ഒഴിയേണ്ടിവരുന്ന നേതാക്കളെ സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ സംഘടനാപരമായി വിന്യസിപ്പിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. കൂടുതല്‍ യുവത്വമുള്ള സംസ്ഥാന സമിതിയുണ്ടാവും. സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അന്തരീക്ഷം ഇല്ല. വിഭാഗീയത പൂര്‍ണ്ണമായി അവസാനിപ്പിച്ചു. ആരോഗ്യമുള്ള സംഘടനാസമ്മേളനങ്ങളാണ് നടന്നത്. മൂന്ന് സമ്മേളനങ്ങളിലാണ് പിണറായി പൂര്‍ണ്ണമായി പങ്കെടുത്തത്. ഇവിടെ സെക്രട്ടറിയെ മിണ്ടാന്‍ അനുവദിച്ചില്ലെന്നത് കാര്യങ്ങള്‍ മനസിലാക്കാതെയുള്ള ശുദ്ധ അസംബന്ധമാണ്', എം.വി. ഗോവിന്ദന്‍ അവകാശപ്പെട്ടു.

പിണറായി ഇരിക്കുമ്പോള്‍ വിമര്‍ശിക്കാനുള്ള ധൈര്യം സമ്മേളന പ്രതിനിധികള്‍ക്കുണ്ടോ എന്ന ചോദ്യത്തോട് പാര്‍ട്ടി സെക്രട്ടറിയുടെ മറുപടി ഇങ്ങനെ: 'നിങ്ങളല്ലല്ലോ ഞങ്ങള്‍. ആര് ഇരുന്നാലും ഞങ്ങള്‍ പറയേണ്ടത് മുഴുവന്‍ പറയും. ആരെങ്കിലും ഒരാള്‍ ഇരിക്കുന്നു എന്നുള്ളതുകൊണ്ട്, അയ്യോ ഇനിയെങ്ങനെയാ ഞാന്‍ പറയുക, എന്നതല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി'.

അധികാരത്തിന്റെ ദുഷിപ്പുകള്‍ സന്നിവേശിക്കാന്‍ ഇടയുണ്ടെന്ന് പാര്‍ട്ടി കാണുന്നുണ്ട്. അത് കണ്ടുകൊണ്ടാണ് തെറ്റുതിരുത്തല്‍ പ്രക്രിയയിലേക്ക് ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നത്. അത് സര്‍വതലസ്പര്‍ശിയായ മേഖലകളിലാണ്. മേലെ മുതല്‍ താഴെ വരെ. അധികാരത്തിന്റെ ജീര്‍ണത വരാനുള്ള സാധ്യതയുണ്ട്. ബൂര്‍ഷ്വാ സമൂഹത്തിൽ ജീവിക്കുന്നതിന്റെ ഭാഗമായും പ്രശ്‌നങ്ങളുണ്ടാവും. ഫലപ്രദമായി തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇനിയും സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. സെക്രട്ടറി സ്ഥാനത്ത് മാറ്റമുണ്ടോവുമോയെന്നത് സമ്മേളനമാണ് തീരുമാനിക്കുക. ഞാനല്ല തീരുമാനിക്കേണ്ടത്. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വരുമെന്നതില്‍ ഒരു സംശയവുമില്ല. ഞങ്ങള്‍ക്ക് മാത്രമല്ല, കോണ്‍ഗ്രസുകാര്‍ക്കും ശശി തരൂരിനും മുല്ലപ്പള്ളി രാമചന്ദ്രനും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു

2026-ല്‍ വിജയിച്ചാല്‍ മൂന്നാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആണോ പിണറായി സര്‍ക്കാര്‍ ആണോ ഉണ്ടാവുക എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരാണ്. ക്യാപ്റ്റന്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് തര്‍ക്കം തുടങ്ങി. എത്രയാണ് മുഖ്യമന്ത്രിമാര്‍, അവസാനം കുഞ്ഞാലിക്കുട്ടിവരെ മുഖ്യമന്ത്രിയായി വരുന്ന സ്ഥിതിയാണ്. കുഞ്ഞാലിക്കുട്ടി, വി.ഡി. സതീശന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ചാന്‍സ് കിട്ടിയാല്‍ ശശി തരൂര്‍... ഇതിനെല്ലാം പുറമേ കാത്തിരിക്കുന്ന കെ.സി. വേണുഗോപാല്‍ ഉണ്ട്. ഇത്രയും ആളുകള്‍ മുഖ്യമന്ത്രിയാവാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ചക്കളത്തിപ്പോരാട്ടമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിന് വെടിനിര്‍ത്തല്‍ ഉണ്ടായി എന്നാണ് പ്രഖ്യാപിച്ചത്. വെടി ഇനിയും തുടരും. ഞങ്ങളുടെ ക്യാപ്റ്റനെക്കുറിച്ചോ സ്ഥാനാര്‍ഥിയെക്കുറിച്ചോ ഒരു ഉത്കണ്ഠയുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !