തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇത്തവണ ഗൾഫ് മേഖലയിൽ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പിസിഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017 പേർ ഇവിടെ പരീക്ഷയെഴുതും. തിരുവനന്തപുരത്തെ ഫോർട്ട് ഗവ.സംസ്കൃതം എച്ച്എസിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത്. ഇവിടെ ഒരു കുട്ടി മാത്രമേയുള്ളൂ.
ടിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണുള്ളത്, ആർട്ട് ഹയർസെക്കൻഡറി സ്കൂൾ കലാമണ്ഡലം, ചെറുതുരുത്തി. ഇവിടെ 65 കുട്ടികൾ പരീക്ഷ എഴുതും. എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികളും ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിൽ 12 കുട്ടികളും പരീക്ഷയെഴുതും.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ 3ന് ആരംഭിച്ച് ഏപ്രിൽ 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 21ന് തുടങ്ങി 26ന് അവസാനിക്കും. മൂല്യനിർണയ ക്യാംപുകളിലേക്കുള്ള അഡിഷനൽ ചീഫ് എക്സാമിനർമാരുടെയും അസിസ്റ്റൻറ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാംപുകൾ മാർച്ച് മൂന്നാംവാരത്തിൽ ആരംഭിക്കും.
ഹയർസെക്കൻഡറി ഒന്നാംവർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ് നടക്കുക. ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിൽ 2024ൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളുമുണ്ടാകും. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയും നടക്കും. ഉച്ചയ്ക്കുശേഷമാണ് ഹയർസെക്കൻഡറി പരീക്ഷകൾ. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിജയാശംസകൾ നേർന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.