തൃശൂർ: പുതുക്കാട് പാലിയേക്കരയിലെ കോഫി ഷോപ്പിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളുടെ വീട്ടിൽ യുവതിയെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. മനക്കൊടി സ്വദേശിയായ യുവതിയെയാണ് വീടിനുള്ളിൽ മർദനമേറ്റ് അവശയായി പൂട്ടിയിട്ടനിലയിൽ പൊലീസ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടിൽ ഗോപു (43) എന്ന ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശി ചേലയാർകുന്നിൽ അഭിനാഷ് പി. ശങ്കർ (30), അളഗപ്പനഗർ സ്വദേശി പുതുശ്ശേരിപ്പടി വീട്ടിൽ ജിതിൻ ജോഷി (27), കോഴിക്കോട് മേലൂർ സ്വദേശി ആതിര (30), തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ചു (30) എന്നിവരാണ് അറസ്റ്റിലായത്.ഇവർ ഉപയോഗിച്ചിരുന്ന കാറും പാേലീസ് കസ്റ്റഡിയിലെടുത്തു.പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപത്തെ കോഫി ഷോപ്പിൽ ടോക്കൺ എടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബംഗാൾ സ്വദേശിയെ ഗോപകുമാർ, അഭിനാഷ്, ജിതിൻ എന്നിവർ ചേർന്ന് ആക്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
പ്രതികൾ കോഫീ ഷോപ്പിലെ ജീവനക്കാരനായ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി അബ്ദുൾ (21)നെ ആക്രമിക്കുകയും കല്ലുകൊണ്ടിടിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. ഈ സംഭവത്തിൽ പ്രതികളുടെ പേരിൽ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു.
പ്രതികളെ തിരഞ്ഞ് പൊലീസ് കല്ലൂർ നായരങ്ങാടിയിലെ ഗോപകുമാറിൻ്റെ വീട്ടിലെത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്ത് അഖിലും ഗോപകുമാറും ചേർന്ന് നടത്തുന്ന സ്പായുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.
സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തൃശ്ശൂർ പടിഞ്ഞാറേ കോട്ട അരണാട്ടുകര റോഡിൽ വെച്ച് കാറിടിച്ച് വീഴ്ത്തിയശേഷം ബലം പ്രയോഗിച്ച് ഗോപകുമാറിന്റെ വീട്ടിലെത്തിച്ച്, ദേഹോപദ്രവമേൽപ്പിക്കുകയും ആഭരണങ്ങൾ അഴിച്ചെടുക്കുകയുമായിരുന്നു. യുവതിയുടെ രണ്ടര പവൻ വരുന്ന സ്വർണമാലയും ഒന്നര പവന്റെ വളയും നഷ്ടപ്പെട്ടതായും മൊബൈൽ ഫോൺ പ്രതികൾ അടിച്ച് തകർത്തതായും പൊലീസ് പറയുന്നു.
ഗോപകുമാർ പുതുക്കാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. ഇയാളുടെ പേരിൽ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂർ, തൃശ്ശൂർ ഈസ്റ്റ്, ചേർപ്പ്, കൊരട്ടി സ്റ്റേഷനുകളിലായി കവർച്ചക്കേസും തട്ടിപ്പ് കേസുകളും ലൈംഗിക പീഡനക്കേസും അടിപിടിയുമുൾപ്പെടെ 15 കേസുകളുണ്ട്.
ജിതിൻ്റെ പേരിൽ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനും മയക്കു മരുന്ന് ഉപയോഗിച്ചതിന് രണ്ടു കേസുമുണ്ട്. പുതുക്കാട് പൊലീസ് എസ്.എച്ച്.ഒ വി. സജീഷ് കുമാർ, എസ്.ഐമാരായ എ.വി ലാലു,
പി.ആർ സുധീഷ്, എ.എസ്.ഐ ധനലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. സുജിത്ത് കുമാർ, പി.ആർ ഷെഫീക്, വി.ഡി അജി, സിവിൽ പോലീസ് ഓഫീസർമാരായ കെ. സുരേഷ് കുമാർ, എ. ജെറിൻ ജോസ്, ഷെമീർ, കെ.എം ധന്യ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.