തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. ഓണറേറിയം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മാനദണ്ഡങ്ങളിലെ ഇളവ് തത്വത്തിൽ സമ്മതിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇപ്പോഴാണ് ഇറക്കിയത്.
എന്നാൽ, പ്രധാന ആവശ്യങ്ങളായ ഓണറേറിയം വർധനയും പെൻഷനും സർക്കാർ അംഗീകരിച്ചിട്ടില്ല. ആവശ്യങ്ങളിൽ ഒന്നെങ്കിലും അംഗീകരിച്ചതിൽ സന്തോഷമെന്നും സമരവിജയമാണിതെന്നും ആശാവർക്കർമാർ പ്രതികരിച്ചു. അതേസമയം സമരം അവസാനിപ്പിക്കില്ലെന്നും ഇവർ വ്യക്തമാക്കി.36-ാം ദിവസമായി തുടരുന്ന രാപ്പകൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതൽ ആശമാർ സെക്രട്ടേറിയറ്റ് ഉപരോധിക്കുകയാണ്. ഈ പ്രതിഷേധം വൈകീട്ട് ആറുമണി വരെ തുടരുമെന്നും സമരക്കാർ അറിയിച്ചു.
സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്. ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്നത്.
സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്.അതേസമയം, ആരോഗ്യവകുപ്പ് ആശമാർക്കായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയർ പരിശീലന പരിപാടിയും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്.
എന്നാൽ ഇത് ബഹിഷ്‌കരിക്കുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേരത്തേ തന്നെ അറിയിച്ചിരുന്നു.ആശമാർക്ക് തിങ്കളാഴ്ച പരിശീലന പരിപാടി നടത്തുമെന്ന നോട്ടീസ് ശനിയാഴ്ച ഉച്ചയോടെയാണ് ആരോഗ്യവകുപ്പ് അയച്ചത്. എല്ലാ ആശപ്രവർത്തകരെയും പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്നും പങ്കെടുത്തവരുടെ ഡേറ്റാ ബേസ് തയ്യാറാക്കണമെന്നും ഹാജർനില പരിശോധിക്കണമെന്നുമാണ് നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.