വണ്ടിപ്പെരിയാർ(ഇടുക്കി): ഗ്രാമ്പിയിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കടുവയെ മയക്കുവെടി വെച്ചെങ്കിലും വനപാലകസംഘത്തിനു നേരെ ചാടിവീണ കടുവ വെടിയേറ്റതിനെ തുടർന്ന് ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്.
ദൗത്യസംഘത്തിൽപെട്ട മനുവിനു നേരെയാണ് ആറടി ഉയരത്തിൽനിന്ന് കടുവ ചാടിവീണത്. ഇതിനെ തുടർന്ന് പ്രാണരക്ഷാർത്ഥം ദൗത്യസംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.എന്നാൽ, ആദ്യത്തെ മയക്കുവെടി കടുവയ്ക്ക് കൊണ്ടില്ലെന്നും അത് ചെടികൾക്കിടയിൽ മറഞ്ഞിരിക്കുകയായിരുന്നുവെന്നും പറയുന്നു. ഇതിനെ തുടർന്നാണ് രണ്ടാമതും മയക്കുവെടി വെച്ചത്. തുടർന്നാണ് കടുവ ദൗത്യസംഘത്തിനു നേരെ ചാടിവീണത്. വനപാലകസംഘത്തിലെ മനുവിന് ശാരീരികമായി പരുക്കേറ്റിട്ടില്ലെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രണ്ടുദിവസമായി കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം നടത്തുകയായിരുന്നു.ഞായറാഴ്ച നടത്തിയ പരിശോധനയിൽ, കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയതായി തിരിച്ചറിഞ്ഞു.
തുടർന്ന് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഞായറാഴ്ച ഏറെ വൈകിയും വനപാലകർ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനാകാതെവന്നതോടെ മയക്കുവെടിവെക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെതന്നെ വനംവകുപ്പ് സംഘം സ്ഥലത്തേക്ക് എത്തിയശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു. ഡ്രോൺ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.