വട്ടംകുളം: വർദ്ധിച്ചുവരുന്ന ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കി വരുന്ന ലഹരി മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചോലക്കുന്ന് ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ 'ലഹരി മുക്ത ചോലക്കുന്ന്' എട്ടാം വാർഡ് കമ്മിറ്റി രൂപീകരിച്ചു.ലഹരിയുടെ ഉപയോഗം നാട്ടിൽ നടക്കുന്ന പല കുറ്റകൃത്യങ്ങൾക്കും പിന്നിൽ ഗണ്യമായ പങ്കുവഹിക്കുന്നു എന്ന സർക്കാർ വിലയിരുത്തലിൻ്റെ പശ്ചാത്തലത്തിലാണ് പ്രാദേശിക തലത്തിൽ ഇത്തരം കൂട്ടായ്മകൾക്ക് സർക്കാർ മുൻകൈയെടുക്കുന്നത്. എട്ടാം വാർഡിൽ ലഹരി മുക്ത ചോലക്കുന്നിൻ്റെ പ്രവർത്തന രേഖ ഉൾപ്പെട്ട ഒൻപത് ബോധവൽക്കരണ ഫ്ലെക്സ് ബോർഡുകൾ ചോലക്കുന്ന്, ചിറ്റഴിക്കുന്ന് മേഖലകളിൽ സ്ഥാപിച്ചു.
2025 മാർച്ച് 16 രാവിലെ 7 മണിക്ക് ചോലക്കുന്ന് സെൻ്ററിൽ ചോലക്കുന്ന് ലഹരി മുക്ത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ. നജീബ് ഫ്ലെക്സ് ബോർഡ് സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം. മുസ്തഫ, എട്ടാം വാർഡ് മെമ്പർ ദീപ മണികണ്ഠൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മുജീബ്, വിശ്വനാഥൻ, രബീഷ് എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ രക്ഷിതാക്കളും യുവജന സംഘടനകളും കുട്ടികളും പ്രായഭേദമന്യേ പങ്കെടുത്തു.
ലഹരി എന്ന വിപത്ത് ഓരോ വീട്ടിലും എത്തുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ അടക്കം ഉള്ളത്. ഇതിനെ ചെറുത്തുതോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അധികൃതരുടെയും കൂട്ടായ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. സ്കൂളുകളെ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന ലഹരി വ്യാപനം തടയുക എന്നത് ഓരോ രക്ഷിതാവിൻ്റെയും ബാധ്യതയായി മാറിയിരിക്കുന്നു.
ലഹരിയെന്ന ഈ വിപത്തിനെ നാട്ടിൽ നിന്നും തുടച്ചുനീക്കാനുള്ള ഉദ്യമത്തിൽ നാടൊട്ടുക്കെ പങ്കെടുത്തത് സന്തോഷമുള്ള കാര്യമാണെന്ന് ലഹരി മുക്ത ചോലക്കുന്ന് സംയുക്ത കൺവീനർ കെ.ആർ. ബാബു പറഞ്ഞു. ചോലക്കുന്ന് ലഹരി മുക്ത സംയുക്ത കമ്മിറ്റി മെമ്പർ കെ.വി. മുഹമ്മദ് പരിപാടി ഗംഭീര വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.