ന്യൂഡല്‍ഹി: ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പടിവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വികാസ് സിങ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. ഡിവിഷന് ബെഞ്ചിലെ നടപടികള്‍ പൂര്‍ണ്ണമായും സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
കേരളത്തിലെ നാട്ടാനകളുടെ കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്ന് വികാസ് സിങ്ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് സംസ്ക്കാരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് തടയാനുള്ള നീക്കമാണ് ഹൈക്കോടതിയുടേതെന്ന് ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടത്. സീനിയര്‍ അഭിഭാഷകന് വികാസ് സിങ്ങിന് പുറമെ അഭിഭാഷകന് സി.ആര്. ജയസുകിയനും സംഘടനയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി.
നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ഇതോടെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷന് ദേവസ്വങ്ങള്‍ പിന്‍വലിച്ചു.
ദേവസ്വങ്ങള്‍ക്ക് തങ്ങളുടെ നിലപാട് കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അല്ലെങ്കില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ നിലവിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരാമെന്നും ബെഞ്ച് അറിയിച്ചു. കേസ് കേരളത്തില്‍ നിന്ന് പുറത്തേക്ക് മാറ്റുകയാണ് ദേവസ്വങ്ങളുടെ ലക്ഷ്യമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ നിലവില്‍ ഈ വിഷയം കേള്‍ക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഇല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി, അഭിഭാഷകന് എം.ആര്. അഭിലാഷ് എന്നിവരാണ് ദേവസ്വങ്ങള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.